കൊല്ലം: കപ്പലണ്ടിയ്ക്ക് എരിവ് കുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ച് സന്ദര്‍ശിക്കാനെത്തിയ കുടുംബവും കച്ചവടക്കാരും തമ്മില്‍ നടന്ന തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബുധനാഴ്ച വൈകിട്ട് കിളിമാനൂരില്‍ നിന്നെത്തിയ കുടുംബവും കച്ചവടക്കാരുമാണ് ബീച്ചില്‍ ഏറ്റുമുട്ടിയത്.
അഞ്ച് പേരടങ്ങിയ കുടുംബത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബീച്ചിന് സമീപത്തെ കടയില്‍ നിന്നും ഇവര്‍ വാങ്ങിയ കപ്പലണ്ടി എരിവ് കുറഞ്ഞെന്ന് പറഞ്ഞ് തിരികെ നല്കി. കോവിഡ് ആയതിനാല്‍ നല്കിയ കപ്പലണ്ടി തിരികെ വാങ്ങാന്‍ കച്ചവടക്കാരന് വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ കൈയ്യിലുണ്ടായിരുന്ന കപ്പലണ്ടി ഇവര്‍ കപ്പലണ്ടി കച്ചവടക്കാരന്റെ മുന്നില്‍ വച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
സംഘര്‍ഷത്തില്‍ കിളിമാനൂര്‍ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘര്‍ഷ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. കേസെടുത്ത് ഉടന്‍തന്നെ ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: