തൃശൂർ: വെറും 630 രൂപ കൊണ്ട് തുടങ്ങിയ സോപ്പ് നിർമ്മാണം ഒരു വർഷം കൊണ്ട് മാസത്തിൽ ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച യുവസംരംഭകയാണ് ശ്രീലക്ഷ്മി എന്ന 29 കാരി. യു ട്യുബിൽ കറ്റാർവാഴ കൊണ്ട് സോപ്പ് ഉണ്ടാക്കുന്ന വീഡിയോ കണ്ടതോടെ ആകൃഷ്ടയായ ശ്രീലക്ഷ്മി സോപ്പ് നിർമ്മാണം പഠിക്കാനായി ഇറങ്ങി തിരിക്കുകയായിരുന്നു.
ഓൺലൈനായാണ് സോപ്പ് നിർമ്മാണത്തിനായുള്ള വസ്തുക്കൾ വാങ്ങിയത്. അയൽവാസിയായ സുമംഗലയുടെ വീട്ടിൽ നിന്നും ലഭിച്ച കറ്റാർവാഴയുടെ തണ്ടും കൂടി ചേർത്താണ് ആദ്യ സോപ്പ് നിർമ്മാണം. വീട്ടിൽ മകൾ അഷ്മിതയായിരുന്നു ശ്രീലക്ഷ്മിയുടെ സഹായി. ആദ്യം നിർമ്മിച്ചത് ആകെ നാല് സോപ്പ് മാത്രമായിരുന്നു. സോപ്പ് നിർമ്മാണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ലഭിച്ചത് മികച്ച പിന്തുണയാണ്. തുടർന്നങ്ങോട്ട് സാമ്പത്തിക പ്രതിസന്ധികൾ വക വക്കാതെ തികഞ്ഞ ലക്ഷ്യ ബോധത്തോടെ കഠിനാധ്വാനം ചെയ്യാനാണ് ശ്രീലക്ഷ്മി ശ്രമിച്ചത്.
തികച്ചും ഓർഗാനിക് രീതിയാണ് സോപ്പ് നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്. കറ്റാർവാഴ, ചാർക്കോൾ, പപ്പായ, റെഡ് വൈൻ, ഹണി, മുൾട്ടാണി മിട്ടി തുടങ്ങിയ ഫ്ലേവറുകളിൽ അര ഡസൻ സോപ്പുകളും 20 കുപ്പി സാനിറ്റൈസറുമായിരുന്നു ആദ്യ ഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചത്. ഇവ ഫേസ് ബുക്ക് വഴി സുഹൃത്തുക്കളുടെ സഹായത്തേടെ പെട്ടന്ന് വിറ്റ് തീർന്നത് ശ്രീലക്ഷ്മിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
15 തരം ഓർഗാനിക് സോപ്പുകൾ, ഹെയർ ഓയിൽ, ഷാംപൂ, കണ്ടീഷനർ, മസാജിങ്ങ് ഓയിൽ, ഫേസ് പാക്ക്, അലോവെര, ജെൽ, പപ്പായ ജെൽ, കോഫി ജെൽ, ലിപ് ബാം, ലിപ് സ്ക്രബ്, ഫെയ്സ് ക്രീം, ഫെയ്സ് സ്ക്രബ്, ബോഡി ലോഷൻ, ഫെയ്സ് വാഷ്, ഷവർ ജെൽ, ഹാൻഡ് വാഷ് , ഫുട് ക്രീം, ഹാൻഡ് ക്രീം തുടങ്ങിയവ വരെ ശ്രീലക്ഷിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ചു വരുന്നു. തികച്ചും ഓർഗാനിക് രീതിയിലുള്ള സോപ്പിന് 180 മുതൽ 350 രൂപ വരെയാണ് വില.
അയ്യന്തോൾ ചെറുകിട വ്യവസായ കേന്ദ്രത്തിൽ നിന്നും നിർമ്മാണത്തിനാവശ്യമായ ലൈസൻസും ശ്രീലക്ഷ്മി സമ്പാദിച്ചു. നിരവധി പരിശീലന ക്ലാസുകളും, ആയുർവേദ ഡോക്ടർമാരിൽ നിന്നും നേടിയ അറിവുകളും, ഫാർമസിസ്റ്റുകളുടെ നിർദേശങ്ങളും സോപ്പ് നിർമ്മാണത്തിന് മുതൽക്കൂട്ടായി. നിർമ്മാണത്തിനാവശ്യമായ കറ്റാർവാഴ സ്വന്തം പറമ്പിലും, സുഹൃത്തുക്കളുടെ വീട്ടിലുമാണ് കൃഷിചെയ്യുന്നത്. ഓയിൽ നിർമ്മാണത്തിനാവശ്യമായ ബീറ്റ്റൂട്ട് പപ്പായ തുടങ്ങിയവ പോണ്ടിച്ചേരി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഒരു വർഷം കൊണ്ട് തന്റെ സംരംഭത്തിനുണ്ടായ വളർച്ചയിൽ ശ്രീലക്ഷ്മി സന്തുഷ്ടയാണ്.
ഒരു മാസം 50,000 മുതൽ 1 ലക്ഷം രൂപ വരെ സോപ്പ് നിർമ്മാണത്തിലൂടെ ലാഭം നേടുന്നുണ്ട് ഈ യുവസംരംഭക. 5 പേർക്ക് നിർമ്മാണ യൂണിറ്റിൽ ജോലി നൽകാനായി. ഇവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ നടക്കുന്ന പ്രത്യേക സ്റ്റാളുകൾ കേന്ദ്രീകരിച്ചും വിൽപ്പന നടത്തുന്നുണ്ട്.
എവർലി ഓർഗാനിക്സ് എന്ന പേരിലുള്ള ശ്രീലക്ഷ്മിയുടെ നിർമ്മാണ യൂണിറ്റിലെ സ്പെഷൽ ഐറ്റം എവർലി സോപ്പുകളാണ്. ഓൺലൈനിൽ നിന്ന് മാറി വിപണിയിൽ നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. കൂടുതൽ സ്ത്രീകൾക്ക് തന്റെ സംരംഭം വഴി തൊഴിൽ അവസരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും സംരഭകരാകാൻ താൽപ്പര്യമുള്ള സ്ത്രീകൾക്ക് വേണ്ട നിർദേശങ്ങൾ നൽകുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി അയ്യന്തോളിൽ ആരംഭിക്കുന്ന പുതിയ നിർമ്മാണ ശാലയുടെ തിരക്കിലാണ് ശ്രീലക്ഷ്മി ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: