തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാന്‍ വിദ്യാലയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നതിന് എക്സൈസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവര്‍ജനമിഷനായ വിമുക്തി ‘ഉണര്‍വ്വ്’ പദ്ധതി നടപ്പിലാക്കുന്നു. വിദ്യാര്‍ത്ഥികളിലെ അനഭിലഷണീയ പ്രവണതകള്‍ തിരുത്തി അവരുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും മറ്റു കലാ കായിക പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചു വിടുന്നതിനാണ് പദ്ധതി.
തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍, പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, പരിസരവാസികള്‍, പ്രദേശത്തെ വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളില്‍ ഉണര്‍വ്വ് പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുക, അവര്‍ക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുക, കര്‍മ്മശേഷിയെ ക്രിയാത്മക മേഖലകളില്‍ വിനിയോഗിക്കുന്നതിന് പരിശീലനം നല്‍കുക, വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളെ ലഹരിയുടെ പ്രചോദനങ്ങളില്‍ നിന്നും വഴിതിരിച്ച് കായിക-കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് ഉണര്‍വ്വ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ ജില്ലയില്‍ നിന്നും നാല് സ്കൂളുകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. എക്സൈസ് ഉദ്യോഗസ്ഥര്‍ ഈ സ്കൂളുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ള പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിച്ച് ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം തീര്‍ക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് എക്സൈസ് കമ്മീഷണറേറ്റില്‍ ഉന്നതതല സമിതി രൂപീകരിക്കും. സ്കൂളുകളില്‍ രൂപീകരിക്കുന്ന ഉണര്‍വ്വ് കമ്മിറ്റികള്‍ തയ്യാറാക്കിയ കര്‍മ്മപദ്ധതി എക്സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.
ലഹരി ഉപയോഗ സാധ്യതകള്‍ സംശയിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ്/ചികിത്സ വിമുക്തി മിഷന് സെന്ററുകളില്‍ നല്‍കും. വിദ്യാര്‍ത്ഥികളുടെ കലാ-കായിക കഴിവുകളെ വികസിപ്പിക്കുന്നതിന് സ്കൂളുകളില്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്ക് അനുസരിച്ച് കലാ-കായിക പരിശീലന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിന് ‘ഉണര്‍വ്വ്’ പദ്ധതിക്ക് കായിക പരിശീലനത്തിനത്തിന് കളിക്കളങ്ങള്‍ പോലെ മികച്ച രീതിയിലുളള അടിസ്ഥാന സൗകര്യങ്ങളും സ്പോര്‍ട്സ് ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളും ആവശ്യമാണ്. സര്‍ക്കാര്‍ ധനസഹായത്തോടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍, കമ്പനികള്‍ എന്നിവയുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും വിദ്യാലയങ്ങളിലെ അടിസ്ഥാന പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. വിവിധ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും.
തിരുവനന്തപുരത്തെ നാല് സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഈ സ്കൂളുകളില്‍ കലാ-കായിക പരിശീലന സൗകര്യങ്ങള്‍ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ മെച്ചപ്പെടുത്തുന്നതിനുളള കര്‍മ്മപദ്ധതി നടപ്പിലാക്കി വരികയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അച്ചടക്കം വളര്‍ത്തുന്നതില്‍ വിമുക്തിയുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. ഈ സ്കൂളുകളില്‍ ഇടവേളകളില്‍ പോലുമുളള എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് ലഹരി മാഫിയയുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്നുണ്ട്. സ്കൂളുകളില്‍ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന കേസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ്ങും ചികിത്സയും നല്‍കുന്നുമുണ്ട്.
സ്കൂള്‍-കോളേജ്തല ലഹരിവിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-വനിതാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നല്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: