ഒരു വ്യക്തിയെ സാമൂഹികമായ ജീവിതത്തില്‍ നിന്നും വിജയത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ് സോഷ്യല്‍ ഫോബിയ. ആളുകളെ കാണുമ്പോള്‍ പേടി തോന്നുക അല്ലെങ്കില്‍ ആളുകളോട് ഇടപഴകാന്‍ ഭയം തോന്നുക ഇവയെല്ലാം സോഷ്യല്‍ ഫോബിയയുടെ സൂചനകളാണ്.സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കുന്ന ഘടകമാണിത്. ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കുകയാണ് എന്ന ധാരണയാണ് പ്രധാന കാരണം. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിജീവിക്കുന്നതിനുള്ള കഴിവ് സ്വയം വളര്‍ത്തിയെടുക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും അനിവാര്യം. സോഷ്യല്‍ ഫോബിയയെ മറികടക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
ശക്തമായ ചിന്തകള്‍
പുതിയ വ്യക്തികളെ, സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ നെഗറ്റിവിറ്റി വര്‍ധിക്കുന്നു. പ്രസ്തുത സാഹചര്യത്തെ അതിജീവിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് സ്വയം വിശകലനം ചെയ്യുക. ഒരു സമൂഹത്തെ അടുത്തറിയുന്നത് മാനസികമായോ, ശാരീരികമായോ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മനസിലാക്കുക.
ടെന്‍ഷന്‍ മറികടക്കുക
വലിയൊരു സമൂഹത്തെ കാണേണ്ടി വരുമ്പോള്‍ അമിതമായ ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവ വരുന്നതാകാം നിങ്ങളുടെ പ്രശ്നം. അത് മാറ്റിയെടുക്കുക. അതിനായി ചില വ്യായാമ മുറകള്‍ പരിശീലിക്കുക. ഇത്തരത്തില്‍ ധാരാളം റിലാക്സേഷന് പ്രാക്ടീസുകള്‍ ഉണ്ട്. അത് ശീലിക്കുക.
എന്തിനു ഭയക്കണം
നമുക്ക് പേടി തോന്നുന്ന സാഹചര്യങ്ങളില്‍ അതുമായി വളരെ സാവധാനത്തില്‍ പൊരുത്തപ്പെടുക. ഭയവുമായി പൊരുത്തപ്പെടാന്‍ സ്വയം തയ്യാറാകുക. വ്യക്തികളെ കാണുന്നതാണ് ഭയമെങ്കില്‍ ഓരോ യാത്രയിലും ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുക. അവരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുക.ആരോട് സംസാരിക്കുമ്പോഴും അയാളുടെ മുഖത്ത് നോക്കി, കണ്ണുകളില്‍ നോക്കി സംസാരിക്കുക. ഇതാണ് സോഷ്യല്‍ ഫോബിയയെ മറികടക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: