ചെന്നൈ: വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്റെ കൃത്രിമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മാപ്പപേക്ഷിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്(സിഐഎസ്എഫ്). കൃത്രിമക്കാല്‍ ഊരിമാറ്റിയുള്ള പരിശോധന ഒഴിവാക്കാന്‍ എന്തെങ്കിലും സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുധ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കു വച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയില്‍ നിന്നും തിരികെ വരുമ്പോള്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്നാണ് സുധ ചന്ദ്രന് കാല് നഷ്ടപ്പെടുന്നത്. പിന്നീട് കൃത്രിമക്കാല്‍ ഉപയോഗിച്ച് സുധ നൃത്തത്തിലും അഭിനയത്തിലും തിരിച്ചെത്തി.
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടിവരുന്നത് കടുത്ത വേദനയാണ് ഉണ്ടാക്കുന്നത്. പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലെ ഉള്ളവര്‍ക്ക് പ്രത്യേക കാര്‍ഡ് നല്കുന്ന കാര്യം പരിഗണിക്കണമെന്നും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും സുധ അഭ്യര്‍ത്ഥിച്ചു.
‘സുരക്ഷ പരിശോധനയുടെ ഭാഗമായാണ് സുധ ചന്ദ്രനോട് കാല് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങള്‍ പ്രകാരം ഇത് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഇതില്‍ സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ദുരനുഭവം നേരിട്ട എല്ലാ യാത്രക്കാരോടും ഞങ്ങള്‍ ഇപ്പോള്‍ ക്ഷമ ചോദിക്കുകയാണ്’ സിഐഎസ്എഫ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: