കോഴിക്കോട്: കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ചു കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ പേലീസ് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കും. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്ത്തിയിട്ടുണ്ടോയെന്നറിയാനാണിത്.
നാലുപേരുടേയും മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി അയയ്ക്കും. ദൃശ്യങ്ങള്‍ ഡീലിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നും പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് സംശയിക്കുന്നതായും കേസന്വേഷിക്കുന്ന നാദാപുരം എഎസ്പി നിധിന് രാജ് അറിയിച്ചു. മറ്റു കേസുകളിലൊന്നും പ്രതികള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും എഎസ്പി അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ നടന്ന പീഡനത്തില്‍ അടുക്കത്ത്പാറ ചാലില്‍ ഷിബു(34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയിലോത്തറ തെക്കെ പറമ്പത്ത് സായുജ് (24), മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ (22) എന്നിവരെയാണ് നാദാപുരം എഎസ്പി അറസ്റ്റ് ചെയ്തത്. സായൂജും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഇയാളാണ് പെണ്‍കുട്ടിയെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷം മറ്റുള്ളവരെയും വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയോരത്ത് കാണുകയും നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും കാരണം പീഡനമാണെന്നും വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: