കോഴിക്കോട്: കോഴിക്കോട് തളി മഹാക്ഷേത്ര സന്നിധിയില്‍ വാക്യാര്ത്ഥസദസ്സോടെ രേവതി പട്ടത്താനം. കൊവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണയും രേവതിപട്ടത്താനം ചടങ്ങുകളില്‍ മാത്രമായി ഒതുക്കി. ക്ഷേത്രത്തിലെ തെക്കേ വാതില്‍മാടത്തില്‍ ഒരുക്കിയ രേവതിപട്ടത്താനസദസ്സില് സംസ്കൃതപണ്ഡിതരായ എണ്ണാഴി രാജന് നമ്പൂതിരിയും ഏപ്രം നാരായണന് നമ്പൂതിരിയും വാക്യാര്‍ത്ഥസദസ്സ് നടത്തി. കൂടല്ലൂര്‍ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരം എണ്ണാഴി രാജന് നമ്പൂതിരിക്ക് സാമൂതിരി കെ.സി. ഉണ്ണിനുജന് രാജ പണക്കിഴി നല്കി ആദരിച്ചു.
കൃഷ്ണഗീതി പുരസ്കാര ജേതാവായ എം.എസ്. ബാലകൃഷ്ണന് കൃഷ്ണശില്‍പ്പവും ബഹുമതി പത്രവും, 15,001 രൂപയും സാമൂതിരി രാജാവ് സമ്മാനിച്ചു. പുരസ്ക്കാരത്തുക പ്രളയദുരിതാശ്വാസത്തിന് സേവാഭാരതിക്ക് നല്‍കുന്നതായി എം.എസ്. ബാലകൃഷ്ണന് അറിയിച്ചു. രേവതി പട്ടത്താന സമിതി ചെയര്മാന് ടി.ആര്. രാമവര്‍മ്മ, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖരന്, മായാഗോവിന്ദ്, സിരിജിക, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പാണ്ഡിത്യത്തികവിലും വിനയത്തോടെ
രേവതി പട്ടത്താനസദസ്സില്‍ ശാസ്ത്രപണ്ഡിതനുള്ള ഇത്തവണത്തെ പണക്കിഴിക്ക് അര്‍ഹനായത് സംസ്കൃത പണ്ഡിതനായ ഡോ. എണ്ണാഴി രാജന് നമ്പൂതിരി. പുറനാട്ടുകര കേന്ദ്രീയ സംസ്കൃത വിദ്യാപീഠത്തിന്റെ ഡയറക്ടറായ രാജന് നമ്പൂതിരിയാണ് ഇത്തവണത്തെ വാക്യാര്‍ത്ഥ സദസ്സ് നയിച്ചത്. അറിവിന്റെ ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും പട്ടത്താനസദസ്സില്‍ പണക്കിഴിക്ക് അര്‍ഹനായതില്‍ വിനയത്തോടെയാണ് താനിത് സ്വീകരിക്കുന്നതെന്ന് ഡോ. ഇ.എം. രാജന് പറഞ്ഞു.
എസ്എസ്എല്‍സിയ്ക്ക് ശേഷം 12 വര്‍ഷം കാഞ്ചി ശങ്കരാചാര്യമഠത്തില്‍ ഗുരുകുലസമ്പ്രദായത്തില്‍ ശാസ്ത്ര അഭ്യസനം നടത്തിയ അദ്ദേഹം സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം എന്നീ മേഖലകളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. കാഞ്ചി മഠാധിപതിയായ ജയേന്ദ്രസരസ്വതിയുടെ ശിഷ്യനായും വിജയേന്ദ്രസരസ്വതിയുടെ സഹപാഠിയുമായാണ് അദ്ദേഹം ഗുരുകുല പഠനം പൂര്‍ത്തിയാക്കിയത്. ദക്ഷിണാമൂര്‍ത്തി സുപ്രഭാതം, ശ്രീകൃഷ്ണവിലാസം വ്യാഖ്യാനം, രസഗംഗാധരം മലയാള, സംസ്കൃതവ്യാഖ്യാനങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: