ധാക്ക: ദുര്‍ഗ്ഗാപൂജാ ദിനത്തില്‍ ഇസ്കോണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ഹിന്ദു വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടും ട്വിറ്റര്‍ ഇസ്കോണ്‍ ക്ഷേത്രത്തിന്റെ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കയതില്‍ ശക്തമായ പ്രതിഷേധം. ഇരയായവരെ തന്നെ ആക്രമിക്കുന്ന ട്വിറ്ററിന്റെ നയത്തിനെതിരെ ഇസ്കോണ്‍ ക്ഷേത്ര അധികൃതര്‍ ആഞ്ഞടിച്ചു.
ഇത് സംബന്ധിച്ച് വിശദീകരണം നല്കാന് ഇസ്കോണ്‍ അധികൃതര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്കോണ്‍ ബംഗ്ലദേശ്, ബംഗ്ലദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ എന്നീ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളാണ് ബുധനാഴ്ച മുതല്‍ ലഭ്യമല്ലാതായിത്തുടങ്ങിയത്. ബംഗ്ലദേശ് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണോ ഈ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിയതെന്ന് ഇസ്കോണ്‍ കമ്മ്യൂണിക്കേഷന്‍സ് മേധാവി യുധിഷ്ഠിര്‍ ഗോവിന്ദ ദാസ് ചോദിച്ചു. അടിയന്തരഘട്ടമായിട്ടു കൂടി ഹിന്ദുക്കളുടെ ശബ്ദം ഞെരിച്ചമര്‍ത്തുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം തന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാഞ്ഞു.
അക്രമത്തെ ശക്തമായി അപലപിക്കാന്‍ ഇസ്കോണ്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ബംഗ്ലദേശിലെ റസിഡന്റ് കോഓര്‍ഡിനേറ്റര്‍ അപലപിച്ചിട്ടും ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം തുടരുകയാണെന്ന് ഇസ്കോണ്‍ ക്ഷേത്ര വൈസ് പ്രസിഡന്റ് രാധാരമണ്‍ ദാസ് വ്യക്തമാക്കി. ഒക്ടോബര്‍ 19ന് ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് രാധാരമണ്‍ ദാസ് കത്തയച്ചിരുന്നു. ഇതില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തെ ശക്തമായി അപലപിക്കാനും അടിയന്തിരമായി ഒരു ഐക്യരാഷ്ട്രസഭാ സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും യുഎന്‍ നേരിട്ട് അക്രമത്തെ അപലപിക്കുകയോ യുഎന്‍ സംഘത്തെ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ അയയ്ക്കുകയോ ചെയ്തിട്ടില്ല.
പല തവണയായി ബംഗ്ലദേശിലെ ഹിന്ദുക്കള്‍ മുസ്ലിം ആക്രമണത്തെ അതിജീവിച്ചിട്ടുണ്ടെന്നും രാധാരമണ്‍ ദാസ് പറഞ്ഞു. അതേ സമയം ഈ പ്രശ്നത്തില്‍ ആഗോള സമൂഹം തുടരുന്ന മൗനത്തെയും അദ്ദേഹം കഠിനമായി വിമര്‍ശിച്ചു. കഴിഞ്ഞ ഒമ്പത് ദിവസമായി അക്രമം തുടര്‍ന്നിട്ടും ഐക്യരാഷ്ട്രസഭയോ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയോ അക്രമത്തെ നേരിട്ട് അപലപിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും രാധാരമണ്‍ ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: