വയനാട്: ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും. കർണാടകയിലേക്ക് കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു.
കൊവിഡിന്റെ ഒന്നാം തരംഗത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് കർണാടകയിലേക്ക് കടക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാസ് പിന്നീട് പുതുക്കി നൽകിയില്ല. കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് കർണാടക നിയന്ത്രണങ്ങൾ ശക്തമാക്കിയത്. കേരളത്തിൽ ഇപ്പോൾ കൊവിഡ് കുറഞ്ഞുവരികയാണ്. എന്നാൽ ചട്ടങ്ങളിൽ മാറ്റം വരുത്താൻ കർണാടക തയാറായിട്ടില്ല.
കൊവിഡ് മഹാമാരിയും വിളകളുടെ വില തകർച്ചയും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർ കോടികളുടെ നഷ്ടമാണ് നേരിട്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു. കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളും പ്രതിസന്ധിയിലാണ്.
നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിൽ നിന്നുള്ളസ് ദൈനംദിന യാത്രക്കാരുടെ ഫോറമായ സത്യാർത്ഥിയുടെ ഭാരവാഹികൾ കർണാടക മന്ത്രിമാരെ കണ്ടിരുന്നു. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ ചട്ടങ്ങളിൽ ഇളവ് വരുത്താനാവുകയുള്ളൂവെന്നാണ് അതിർത്തി ജില്ലകളിലെ ഭരണകൂടത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: