ശ്രീനഗര്‍ : ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി ജമ്മു കശ്മീരില്‍ എന്‍ഐഎയുടെ വ്യാപക തെരച്ചില്‍. ശീനഗര്‍, ബാരാമുള്ള, സോപോര്‍, പുല്‍വാമ, കുല്‍ഗാം, പൂഞ്ച് ഉള്‍പ്പെടെ 11 സ്ഥലങ്ങളിലാണ് തെരച്ചില്‍. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തന്റെ ഭാഗമായാണ് തെരച്ചില്‍ നടത്തുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. ജെയ്ഷ ഇ മുഹമ്മദ്, ലഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, പ്രാദേശിക ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വീടുകളിലും എന്‍ഐഎ സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. റാഷിദ് ഭട്ട്, ഫഹദ് അലി വാനി, ഫുര്കാന് ഇമ്രാന് അഖന്‍ എന്നിവരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. വിവിധ ഭീകരവാദ ശൃംഖലകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനായാണ് ഈ ശ്രമം.
അടുത്തിടെ ജമ്മുകശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ സംബന്ധിച്ചും എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 12ഓളം പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിംപോറ, ചട്ടബല്‍, ചനപോര, സോളിന, ചട്ടബല്‍ ഉള്‍പ്പെടെയുള്ള 16 സ്ഥലങ്ങളില്‍ എന്‍ഐഎ തെരച്ചില്‍ നടത്തിയിരുന്നു. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം 11 പേരാണ് അടുത്തിടെ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്.
അതേസമയം വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി പൂഞ്ചില്‍ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. തുടര്‍ച്ചയായി ഇത് പത്താം ദിവസമാണ് സൈന്യം വന മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. ആക്രമണ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ വീടുകളില്‍ താമസിക്കുന്നവരോട് വീടിന് പുറത്തേക്കിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി പ്രധാന പാതകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. അടുത്തിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്. ഇന്നും ജമ്മുവില്‍ തുടരുന്ന കരസേനാ മേധാവി എം.എം. നരവനെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: