ലക്ഷ്മി നാരായണന് കെ.
ദക്ഷിണക്ഷേത്ര പ്രമുഖ്
സംസ്കാര്‍ ഭാരതി
തപസ്യ കലാസാഹിത്യവേദിയുടെ അഖിലഭാരതീയ സംഘടനയായ സംസ്കാര്‍ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ അമീര്‍ ചന്ദ്ജിയുടെ നിര്യാണം തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ തവാങ്ങിലെത്തിയ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. യാത്രക്കിടയില്‍ ഒക്സിജന്റെ അഭാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള മിലിറ്ററി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല.
തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയും പ്രേരണയുമായിരുന്നു അദ്ദേഹം. സംസ്കാര്‍ ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി 2018 ല്‍ ചുമതലയേറ്റശേഷം തപസ്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടത്തിയ യാത്രകള്‍ തപസ്യയുടെ വളര്‍ച്ചക്ക് വളരെ ഗുണകരമായിരുന്നു. കേരളയാത്രയോടനുബന്ധിച്ച് ജില്ലകള്‍തോറും അദ്ദേഹത്തിന് പരിപാടികള്‍ ഉണ്ടായിരുന്നു. ശങ്കരചാര്യരുടെ ജന്മസ്ഥലമായ കാലടിയും, മഹാകവി അക്കിത്തത്തിന്റെ ഭവനവും, മറ്റു കലാ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ച്ചു. കേരളത്തിലെ കലാകാരന്മാരേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം എന്നും കരുതല്‍ കാണിച്ചു. കോവിഡ് കാലത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാര്ക്കുള്ള സംസ്കാര്‍ ഭാരതിയുടെ പ്രത്യേക ധനസഹായം കേരളത്തിലെ കലാകാരന്മാരിലെത്തിക്കുന്നതില്‍ അദ്ദേഹം പ്രത്യേക പരിഗണന നല്കുകയുണ്ടായി. കേരളത്തേയും കേന്ദ്രസര്‍ക്കാരിന്റെ സാസ്കാരിക വകുപ്പിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിന് അതീതമായി ആളുകളെ സംയോജിപ്പിക്കുന്ന ഒരു മികച്ച സംഘാടകനായിരുന്നു അമീര്‍ ചന്ദ്ജി. 2001 ല്‍ ഉത്തര്‍പ്രദേശില്‍ മുലാംയംസിങ് മുഖ്യമന്ത്രിയായിരിക്കെ ആഗ്രയില്‍ വച്ച് നടന്ന ഒരു സമ്മേളനത്തില്‍ ഉദ്ഘാടകനാകേണ്ടിയിരുന്നത് അന്നത്തെ ഗവണ്മെന്റിലെ സാംസ്കാരിക മന്ത്രിയായിരുന്നു. രാഷ്ട്രീയമായി വിരുദ്ധചേരിയിലായിരുന്നിട്ടും, സമ്മേളനത്തില്‍ മന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ദേശീയോദ്ഗ്രഥനത്തിനും സാമുഹ്യമാറ്റത്തിനും അമീര്‍ ചന്ദ്ജി വലിയൊരു പങ്കുവഹിച്ചു. സര്‍ഹത്ത് കോ സ്വരാഞാജലി എന്ന പേരില്‍ അദ്ദേഹം സംഘടിപ്പിച്ച മൂവ്മെന്റിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അതിര്‍ത്തികാക്കുന്നവര്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ പരിപാടിയില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കാളികളായി. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്.
ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ നടന്ന കലാസാധകസംഗമത്തിന്റെ പ്രധാന സംഘാടകനായിരുന്നു അമീര്‍ ചന്ദ്ജി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം കലാകാരന്മാര് കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്ന് അമ്പതോളം കലാകാരന്മാര് പങ്കെടുത്ത ഈ മഹാ കലാസംഗമത്തില്‍ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, മുഖ്യമന്ത്രി ഖട്ടര്‍ തുടങ്ങിയവരെകൂടി പങ്കെടുപ്പിക്കാനായത് അദ്ദേഹത്തിന്റെ മികച്ച സംഘടനാപാടവത്തിന്റെ തെളിവാണ്.
2003 ല്‍ എറണാകുളത്തുനടന്ന തപസ്യയുടെ സംസ്ഥാന വാര്‍ഷികത്തില്‍ വിശിഷ്ടാതിഥിയായി അന്നത്തെ കേന്ദ്രമന്ത്രി ഭാവനാബെന്‍ ചിക്ലിയയെ പങ്കെടുപ്പിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. പലവിധ തിരക്കുകളിലായിരുന്നെങ്കിലും അമീര്‍ ചന്ദ്ജിയുടെ ഇടപടലിനെ തുടര്‍ന്ന് മന്ത്രി ഉടനെതന്നെ വരാമെന്നേല്ക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.ചെന്നെത്തുന്ന സ്ഥലങ്ങളിലെല്ലാം മികച്ച വ്യക്തി ബന്ധങ്ങളുണ്ടാക്കുന്ന അമീര്‍ ചന്ദ്ജി പരിചയപ്പെടുന്നവരുടെയെല്ലാം മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ഒരിക്കല്‍ പരിചയപ്പെടുന്നവരെ ഒരിക്കലും അദ്ദേഹം മറക്കുമായിരുന്നില്ല. മികച്ച ഓര്‍മ്മശക്തിയായിരുന്നു അദ്ദേഹത്തിന്. നല്ല സംഘാടകശേഷിയുള്ള അമീര്‍ ചന്ദ്ജി സംസ്കാര്‍ ഭാരതിയുടെ ആണിക്കല്ലായിരുന്നു.
1981 ല്‍ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം തുടങ്ങി. ആര് എസ് എസ് പ്രചാരകനായി മുഴുവന്‍ സമയ പ്രവര്‍ത്തകനായ അദ്ദേഹം 1987 ല്‍ സംസ്കാര്‍ ഭാരതിയുടെ ചുമതലയേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ സംസ്കാര്‍ ഭാരതിയുടെ സംഘടനാ സെക്രട്ടറിയായും, അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചശേഷം 2018 മുതല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഒരിക്കല്‍ കേരളയാത്രയില്‍ അദ്ദേഹത്തിന് ആതിഥ്യം വഹിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം തപസ്യയ്ക്കും, അതോടൊപ്പം എനിക്കും കനത്ത നഷ്ടവും ദുഖവുമാണ് ഉണ്ടാക്കുന്നത്. മികച്ച സംഘാടകനായ അമീര്‍ ചന്ദ്ജിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: