മസ്‌ക്കറ്റ്: ഇന്ത്യന്‍ വംശജന്‍ ജതീന്ദര്‍ സിങ്ങിന്റെ അടിപൊളി ബാറ്റിങ്ങില്‍ ഒമാന് തകര്‍പ്പന്‍ വിജയം. ടി 20 ലോകകപ്പ് ആദ്യ റൗണ്ടിലെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തില്‍ ആതിഥേയരായ ഒമാന്‍ പത്ത് വിക്കറ്റിന് പാപുവ ന്യൂഗിനിയയെ പരാജയപ്പെടുത്തി. 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ 13.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 131 റണ്‍സ് നേടി . സ്‌കോര്‍: പാപുവ ന്യൂഗിനിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 129 റണ്‍സ്്. ഒമാന്‍ 13.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 131.
തകര്‍ത്തടിച്ച ജതീന്ദര്‍ സിങ് 73 റണ്‍സുമായി അജയ്യനായി നിന്നു. 42 പന്ത് നേരിട്ട ഈ ഓപ്പണര്‍ ഏഴു ഫോറും നാലു സിക്‌സറും പൊക്കി. പഞ്ചാബിലെ ലുധിയാനയിലാണ് ജതീന്ദര്‍ ജനിച്ചത്. ഇതര ഓപ്പണര്‍ അഖിബ് ഇല്യാസ് 50 റണ്‍സുമായി പുറത്താകാതെ നിന്നു. 43 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടിച്ചു. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 129 റണ്‍സാണെടുത്തത്.
അര്‍ധ സെഞ്ച്വുറി നേടിയ ക്യാപ്റ്റന്‍ ആസാദ് വാലയാണ് പാപുവ ന്യൂ ഗിനിയയുടെ ടോപ്പ് സ്കോറര്‍. 43 പന്ത് നേരിട്ട ആസാദ് വാല നാല് ഫോറും മൂന്ന് സിക്‌സറും സഹിതം 56 റണ്‍സ് എടുത്തു. ചാള്‍സ് അമിനി 26 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 37 റണ്‍സ് കുറിച്ചു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ അനായാസം കീഴടങ്ങി. ഓപ്പണര്‍മാരായ ടോണിയും ലേഗ സിയാക്കയും പൂജ്യത്തിന് പുറത്തായി.
ഒമാന്‍ ക്യാപ്റ്റന്‍ സീഷാന്‍ മസൂദാണ് പാപുവ ന്യൂഗിനിയയുടെ നടുവൊടിച്ചത്. സ്പിന്നറായ സീഷാന്‍ നാല് ഓവറില്‍ ഇരുപത് റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. സീഷാനാണ് കളിയിലെ കേമന്‍. ബിലാല്‍ ഖാന്‍, കലീമുള്ള എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. ബിലാല്‍ ഖാന്‍ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് പേരെ പുറത്താക്കിയത്. കലീമുള്ള മൂന്ന്് ഓവറില്‍ പത്തൊമ്പത് റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് എടുത്തത്. ടോസ് നേടിയ ഒമാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: