ന്യൂദല്‍ഹി: ട്വന്റി20 ലോകകപ്പ് മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കളിക്കുന്ന എല്ലാ മത്സരവും ജയിക്കണം. കിരീടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കളത്തില്‍ ഇറങ്ങരുത്. എളുപ്പത്തില്‍ ട്വന്റി20 ലോകകപ്പ് ചാമ്പ്യനാവാന്‍ സാധിക്കില്ലെന്നും അദേഹം ടീമിനെ അറിയിച്ചു. ടൂര്ണമെന്റിലേക്ക് കാലെടുത്ത് വെച്ചു എന്നത് കൊണ്ടും ചാമ്പ്യനാവില്ല. വേണ്ട പ്രക്രീയകളിലൂടെയെല്ലാം കടന്നു പോകണം. പക്വത കാണിക്കണമെന്നും അദേഹം പറഞ്ഞു.
മികച്ച സ്കോര്‍ ഉയര്‍ത്താനും വിക്കറ്റ് വീഴ്ത്താനുമുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്. ഈ ലോകകപ്പ് ജയിക്കാന്‍ മാനസികമായി നല്ല നിലയില്‍ നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഫൈനല്‍ കഴിയുമ്പോഴാണ് കിരീടം നേടുന്നത്. അതിന് മുന്‍പ് നിങ്ങള്‍ ഒരുപാട് കളിക്കേണ്ടതുണ്ട്. എല്ലാ മത്സരവും ജയിക്കുന്നതിലേക്കാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. അല്ലാതെ തുടക്കത്തില്‍ തന്നെ കിരീടത്തിലേക്കല്ല നോക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.
ഒമാനിലും യുഎഇയിലുമായി നടക്കുന്ന ടി 20 ലോകകപ്പിന് ഇന്ന് തിരശീല ഉയരും. ഉദ്ഘാടന ദിനത്തില്‍ രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ആദ്യ മത്സരത്തില്‍ ഒമാന്‍ പാപ്പുവ ന്യൂ ഗ്വിനിയയെ നേരിടും. വൈകിട്ട് 3.30 നാണ്് ഈ മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി 7.30 ന് ബംഗ്ലാദേശ് സ്കോട്ട്ലന്ഡുമായി മാറ്റുരയ്ക്കും.
രണ്ട് റൗണ്ടുകളായി നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും . ആദ്യ റൗണ്ടില്‍ എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് എ യില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതല്‍ലന്‍ഡ്സ്, നമീബിയ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഒമാന്‍, ബംഗ്ലാദേശ്, സ്കോട്ടലന്‍ഡ്, പാപ്പുവ ന്യൂ ഗ്വിനിയ ടീമുകളുമാണ് മത്സരിക്കുക. ഗ്രൂപ്പ് എ മത്സരങ്ങള്‍ അബുദാബിയിലും ഗ്രൂപ്പ് ബി മത്സരങ്ങള്‍ ഒമാനിലുമാണ് നടക്കുക. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ പന്ത്രണ്ടില്‍ കടക്കും.
ഈ നാലു ടീമുകളും ടി 20 ലോക റാങ്കിങ്ങിലെ ആദ്യ എട്ട് ടീമുകളുമാണ് സൂപ്പര്‍ പന്ത്രണ്ടില്‍ മത്സരിക്കുക. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ്് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, എ 1, ബി 2 ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, ബി 1, എ 2 ടീമുകളും മത്സരിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലില്‍ കടക്കും.
സൂപ്പര്‍ 12 മത്സരങ്ങള്‍ ഈമാസം 23 ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം 24 നാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. നവംബര്‍ എട്ടിന് സൂപ്പര്‍ 12 മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും 14 ന് ഫൈനലും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: