പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പ്രതിമാസ വരവ്ചെലവ് കണക്കുകള്‍ ലഭ്യമല്ലെന്ന് സൂചന. ദേവസ്വംസെക്രട്ടറി കഴിഞ്ഞ 8ാംതീയ്യതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പ്രതിമാസവരവ് ചെലവ് കണക്കുകളില്ലാത്തതിനാല്‍ ബജറ്റ് തയ്യാറാക്കല്‍,അഡ്മിനിസ്ട്രേഷന് റിപ്പോര്‍ട്ട്,നിയമസഭാ ചോദ്യോത്തരങ്ങള്‍ക്കുള്ള മറുപടികള്‍ തുടങ്ങി അതീവപ്രാധാന്യമുള്ള കാര്യങ്ങള്‍ തയ്യാറാക്കുന്നത് തികച്ചും അവതാളത്തിലായി. ഇക്കാര്യം ദേവസ്വം അക്കൗണ്ട് ഓഫീസര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുഎന്നും ദേവസ്വം സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അക്കൗണ്ടിംഗ് സമ്പ്രദായം പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി സിംഗിള്‍ എന്‍ട്രിയില്‍ നിന്നും ഡബിള്‍ എന്‍ട്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസുകള്‍ നിര്‍ത്തലാക്കി.ഇതോടെയാണ് ദേവസ്വം ഗ്രൂപ്പുകളില്‍ നിന്നോ മരാമത്തില്‍ നിന്നോ മാസംതോറുമുള്ള വരവ് ചെലവ് കണക്കുകള്‍ ബോര്‍ഡിന് ലഭിക്കാതെ വന്നത്. ഇതുമൂലം സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വരവ് ചെലവ് കണക്കുകള്‍ ദേവസ്വംബോര്‍ഡില്‍ കണക്കാക്കാന്‍ സാധിക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്കുകാരണം.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവിലെ വരവ് ചെലവുകള്‍ ബജറ്റ് ശീര്‍ഷകങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി നല്കാന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഓഫീസുകളിലേക്ക് നിശ്ചിത പ്രൊഫോമകള് ഉള്‍പ്പെടെ കത്തുകള്‍ നല്‍കിയെങ്കിലും കണക്കുകള്‍ ലഭിച്ചില്ല. തുടര്‍ന്ന് ബോര്‍ഡ് ഇക്കാര്യംപരിശോധിച്ച് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവ്.
2022-23സാമ്പത്തികവര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യത്തിലേക്കായി 2020ഏപ്രില്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള ഓരോമാസത്തേയും വരവ് ചെലവും ബജറ്റ് ശീര്‍ഷകങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി ഒക്ടോബര്‍ 15ന് മുമ്പായി ദേവസ്വം അക്കൗണ്ട്സ് ഓഫീസര്‍ക്ക് നല്‍കണം എന്നാണ് നിര്‍ദ്ദേശം. തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ അതത് മാസങ്ങളില്‍ തന്നെ വരവ്ചെലവ് കണക്കുകള്‍ അക്കൗണ്ട്സ് ഓഫീസര്‍ക്ക് നല്‍കാനും ഉള്ള നടപടികള്‍ സ്വീകരിക്കാനും എല്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍ക്കും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്കി ബോര്‍ഡ് ഉത്തരവിറക്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കെ.ജി.മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: