ശബരിമലയിലെ ആധികാരിക രേഖയെന്ന പേരില്‍ പ്രചരിപ്പിച്ച ചെമ്പോല വ്യാജമെന്ന സത്യം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ സമ്മതിച്ചിരിക്കുന്നു. വിഷയത്തില്‍ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നില്ക്കക്കള്ളിയില്ലാതെയുള്ള ഒരു ഏറ്റുപറച്ചില്‍ എന്നതിനപ്പുറം പ്രഖ്യാപനത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. കാര്യമായ അന്വേഷണം നടക്കാനും സാധ്യതയില്ല. നടപടിയും ഉണ്ടാകില്ല. നേരായ അന്വേഷണം നടന്നാല്‍ അകത്താകുക മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ തന്നെയാകും എന്നതുതന്നെയാണ് കാരണം.
ശബരിമല ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വ്യാജ ചെമ്പോല. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ആലപ്പുഴയിലെ ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിനാണെന്നും തന്ത്രി കുടുംബത്തിന് അവകാശമൊന്നും ഇല്ലെന്നും സ്ഥാപിക്കാനാണ് ഈ രേഖ പുറത്തുവിട്ടത്. വ്യാജ ചെമ്പോല ആധികാരികമാണെന്ന് ദേശാഭിമാനി പത്രമാണ് വാര്‍ത്ത നല്‍കിയത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു കൈരളി ചാനലിലെ മുഖ്യമന്ത്രിയുടെ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച നടന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് ആയതോടെ വിശ്വസ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാര്‍ട്ടി മുഖപത്രവും ചാനലും സൈബര്‍ പോരാളികളും ചെമ്പോല ആധികാരികമാണെന്ന തരത്തില്‍ വ്യാപക പ്രചരണവും നടത്തി.
വ്യാജ പുരാവസ്തുരേഖകള്‍ ഉണ്ടാക്കി എല്ലാവരേയും കബളിപ്പിച്ചതിന് മോന്സന് മാവുങ്കല്‍ പിടിയിലായതോടെയാണ് ചെമ്പോലയും വാര്‍ത്തയില്‍ വന്നത്. മോന്‍സന്റെ കൈവശമുള്ളതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടും ശബരിമല ചെമ്പോല വ്യാജമെന്നു പരസ്യമായി പറയാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും തയ്യാറായിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷം അത് സമ്മതിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതാണ്.
1983 ല്‍ ശബരിമല കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ചെമ്പോലയും ഹാജരാക്കിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രശസ്ത പുരാവസ്തു ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ വി.ആര്. പരമേശ്വരന്‍പിള്ള ചെമ്പോല വ്യാജമാണെന്ന് രേഖാമൂലം അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. ആ ചെമ്പോലയാണ് ശബരിമല പ്രക്ഷോഭ സമയത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടത്. വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും മാത്രമായിരുന്നു ലക്ഷ്യം.
വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്നാണ് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം.ജി. ശശിഭൂഷണ്‍ പറഞ്ഞത്. എന്നാല്‍ സഹായിച്ചത് വട്ടെഴുത്തില്‍ വിദഗ്ധനായ പണ്ഡിതനാണെന്നല്ലാതെ ആരെന്നു പറയാന്‍ അദ്ദേഹവും തയ്യാറാകുന്നില്ല. സുപ്രീം കോടതി വിധിക്കുശേഷം ചെമ്പോലയ്ക്കു സ്ഥിരീകരണം നല്കിയതു ചരിത്രകാരന് എം.ആര്. രാഘവ വാരിയരാണ്. ഇരുവരോടും ചോദിച്ചാല്‍ സത്യം പുറത്താകുമെന്നിരിക്കെ കൂടുതല്‍ അന്വേഷണത്തിലൊന്നും കാര്യമില്ല.
കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്കാരവും നല്കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. മാത്രമല്ല, സര്‍ക്കാര്‍സ്വത്തും ദേവസ്വം ഭൂമികളും കൈവശപ്പെടുത്താന്‍ വ്യാജ രേഖയുണ്ടാക്കിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: