കോഴിക്കോട്: കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള വിവാദം പുകയുന്നു. ഐഐടിയുടെ പഠന റിപ്പോര്‍ട് വിശ്വാസയോഗ്യമല്ലെന്നും അത് പുറത്തുവിടണെമെന്നും ആര്‍കിടക്ട്. സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികളില്‍ കാലതാമസമുണ്ടായാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പുകാരന്.
കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം കാണിക്കുന്ന ഐഐടിയുടെ പഠന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും ഇരട്ട സമുച്ചയം നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ആര്‍ക്കിടെക്ട് ആര്.കെ രമേശ് പറഞ്ഞു. ഐഐടി സംഘം കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തെക്കുറിച്ച് പഠിക്കാനെത്തിയപ്പോള്‍ ആര്‍ക്കിടെക്ടായ തന്നെയോ സ്ട്രച്ചറല്‍ എന്‍ജിനീയറെയോ ബന്ധപ്പെട്ട് വിവരം തേടിയില്ല. കെട്ടിടത്തിന്റെ രൂപകല്‍പ്പന പോലും പരിശോധിച്ചിട്ടില്ല. അവരുടെ
പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. വിദഗ്ധ അഭിപ്രായം കേള്‍ക്കാതെ കേവലം ഒറ്റ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടികളുടെ നവീകരണം നടത്തരുത്. കെട്ടിട നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ തന്നെ ബലക്ഷയം മാറ്റാന്‍ 30 കോടി രൂപാ ചെലവാകില്ല. ഇതില്‍ സംശയകരമായ സാഹചര്യണ്ട്. ആരെയോ സഹായിക്കാനുള്ള ഗൂഡ നീക്കമാണിത്. രാഷ്ട്രീയം കളിക്കുന്നതായും സംശയമുണ്ട്.റിപ്പോര്‍ട്ട് പരിഭ്രാന്തി പരത്താനാണ്. കെടിഡിഎഫ്സി ആവശ്യപ്പെട്ട പ്രകാരം സ്ട്രക്ചറല്‍ ഡ്രോയിങ്ങുകളും കാല്‍ക്കുലേഷനും 2018 ജൂലൈ 14 ന് ഏല്‍പ്പിച്ചതാണ്. കിറ്റ്കോ പരിശോധിച്ച് നിര്‍മാണത്തില്‍ അപാകമില്ലെന്ന് സാക്ഷ്യപ്പെടുത്തിയതുമാണ്-ആര്.കെ രമേശ് വ്യക്തമാക്കി.
കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആര്‍ക്കിടെക്ടാണ് രമേശ്. മാനാഞ്ചിറ സ്ക്വയര്‍, സരോവരം ബയോപാര്‍ക്ക്, നവീകരിച്ച മിഠായിത്തെരുവ് തുടങ്ങിയ നിരവധി പദ്ധതികള്‍ രൂപകല്പന ചെയ്തത് ആര്.കെ രമേശാണ്.
അതേസമയം കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളില്‍ കാലതാമസമുണ്ടായാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പ് ചുമതലയുള്ള അലിഫ് ബില്‍ഡേഴ്സ് എം.ഡി കെ.വി മൊയ്തീന് കോയ പറഞ്ഞു. ടെണ്ടറിലൂടെയാണ് കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം അലിഫ് ബില്‍ഡേഴ്സ് നടത്തിപ്പിനായി ഏറ്റെടുത്തത്. നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ കെട്ടിടം ഉപയോഗിക്കാന്‍ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനാല്‍ അത് പരിഹരിക്കാന്‍ കെടിഡിഎഫ്സി തയ്യാറാകണം-കെ.വി മൊയ്തീന് കോയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: