തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം ഇനി മുതല്‍ എടിയാല്‍. ഒക്ട്ടോബര്‍ 14ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത് മുതലാണ് പുതിയ പേര് നിലവില്‍ വരുക. അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡാണ് ‘എടിയാല്‍’ എന്ന പേരില്‍ അറിയപ്പെടുക. ‘എടിയാല്‍’ എന്ന കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും.
എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജി. മധുസൂദന റാവുവാണ് എടിയാലിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍. നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്റെ ഭാഗമായി തുടരാം. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്തും. പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ഭക്ഷണവിതരണ കൗണ്ടറുകള്‍, റീട്ടെയില്‍ വില്‍പ്പനശാലകള്‍ എന്നിവയും ഉടന്‍ ആരംഭിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എയര്‍ലൈന്‍സ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ആദ്യപടിയായി അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് വിവിധ രാജ്യങ്ങളിലേക്ക് നിലവില്‍ നേരിട്ട് സര്‍വിസുകളില്ല. ഇതിനാല്‍ യാത്രക്കാര്‍ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാനാണ് അദാനി ശ്രമിക്കുന്നത്. തമിഴ്നാട്ടിലെ യാത്രക്കാരെയും അതിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.
സര്‍വീസുകള്‍ വര്ദ്ധിക്കുമ്പോള്ട യാത്രക്കാരുടെ എണ്ണത്തിന് വര്‍ധന ഉണ്ടാകുന്നതിനൊപ്പം എയര്ലൈനുകളില്നിന്ന് ലഭിക്കുന്ന ഓപറേഷന് ചാര്‍ജും വാടകയിനത്തില്‍ കിട്ടുന്ന തുകയും അദാനിക്ക് ലാഭമായി മാറും. എയര്‍ലൈസുകളുടെ ഹാന്‍ഡിലിങ് ഏജന്‍സികള്‍ ഓരോ വിമാനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 31.8 ശതമാനം ഫീസായി നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിരുന്നു. രാജ്യന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് സര്‍വിസ് നടത്തിയിരുന്നത് ഇതില്‍ പകുതിയിലധികം സര്‍വിസുകളെയാണ് പിന്നീട് വെട്ടിക്കുറച്ചത്. ഇതില്‍ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വിസുകളെ തിരുവനന്തപുരത്തുനിന്ന് വെട്ടിമാറ്റി സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൈമാറിയിരുന്നു. ഈ സര്‍വീസുകള്‍ തിരികെ കൊണ്ടുവരാനാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: