കൊച്ചി : ശബരിമല വ്യാജ ചെമ്പോല വാര്‍ത്തയുടെ പേരില്‍ 24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ക്ക് ഓഹരിയുടമകളുടെ ശാസന. 24 ന്യൂസ് ചാനലിന്റെ ഓഹരിയുടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനുമാണ് ശ്രീകണ്ഠന് നായരെ എടുത്തിട്ടു കുടഞ്ഞത്. ഇതേ തുടര്‍ന്നാണ് വ്യാജ ചെമ്പോല വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയെ സസ്പെന്‍ഡു ചെയ്യാന്‍ ശ്രീകണ്ഠന് നായര്‍ നിര്‍ബന്ധിതനായത്.
24 ന്യൂസിലെ മറ്റൊരു ഓഹരിയുടമയായ എന്‍ആര്‍ഐ വ്യവസായി ആലുങ്കല്‍ മുഹമ്മദിന്റെ നോമിനിയായാണ് സഹിന് ആന്റണി ചാനലില്‍ എത്തിയത്. വിവാദമുണ്ടായപ്പോള്‍ സഹിന് ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ആലുങ്കല്‍ മുഹമ്മദ് സ്വീകരിച്ചിരുന്നത്.
ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഈ നിലപാടിനെതിരെ രംഗത്തെത്തി. മുട്ടില്‍ മരംമുറി വിവാദത്തില്‍ ഉള്‍പ്പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്‍ഡ് ചെയ്ത ശ്രീകണ്ഠന് നായര്‍ എന്തു കൊണ്ടാണ് സഹിന് ആന്റണിയെ സംരക്ഷിക്കുന്നതെന്നു ഗോകുലം ഗോപാലന് ചോദിച്ചു. ചാനലില്‍ ഗോകുലം ഗോപാലന്റെ നോമിനിയായിരുന്നു ദീപക് ധര്‍മ്മടം.
24 ചാനലിന്റെ ഹിന്ദു വിരുദ്ധ അജന്‍ഡ വെളിപ്പെടുത്തിയ ശബരിമല വ്യാജ ചെമ്പോല വിവാദത്തില്‍ ഭീമ ഗോവിന്ദനും രോഷാകുലനാണ്. തങ്ങളുടെ പണമുപയോഗിച്ചു ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിക്കരുതെന്നു ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ശ്രീകണ്ഠന് നായരോടു കര്‍ക്കശ നിര്‍ദേശം നല്കി.
മാതൃഭൂമി വാരികയിലെ ‘മീശ’ നോവല്‍ വിവാദത്തിന്റെ പേരില്‍ ഭീമ ജ്വല്ലറി മാതൃഭൂമിക്കു പരസ്യം നല്കുന്നതു നിര്‍ത്തിയിരുന്നു. ഇക്കാര്യം ഭീമ ഉടമ ഗോവിന്ദന് പരസ്യമാക്കുകയും ചെയ്തു. ഹിന്ദു വികാരത്തിന്റെ വ്രണപ്പെടുത്തുന്ന നോവലിന്റെ പേരില്‍ പരസ്യം നിഷേധിച്ച ഭീമ ഗ്രൂപ്പിന്റെ ഓഹരിയുടമസ്ഥതയിലുള്ള ചാനലിനെ ശബരിമലയ്ക്കും അയ്യപ്പനുമെതിരായ പ്രചരണത്തിനു ഉപയോഗിച്ചതില്‍ ഗോവിന്ദന് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
ആലുങ്കല്‍ മുഹമ്മദും പുരാവസ്തു തട്ടിപ്പുകാരന് മോന്‍സനും രക്ഷാധികാരികളായ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓര്‍ഡിനേറ്ററാണ് സഹിന് ആന്റണി. സംഘടനയുടെ കുടുംബയോഗത്തില്‍ മോന്‍സന്റെ സാന്നിധ്യത്തില്‍ സഹിന് ആന്റണിയുടെ പിറന്നാള്‍ ആഘോഷിച്ച വീഡിയോ ഏറെ വിവാദമായിരുന്നു.
ഓഹരിയുടമകള്‍ സഹി ന്റെ കാര്യത്തില്‍ രണ്ടു തട്ടിലായതു ശ്രീകണ്ഠന് നായരെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: