തൃശൂര്‍: അമൃത് പദ്ധതിയിലൂടെ ഗുരുവായൂരിലെ ക്ഷേത്രനഗരിയില്‍ നടപ്പായ വികസനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഖ്നൗവില്‍ ദേശീയ അര്‍ബന്‍ എക്സ്പോയിലെ കേരള പവലിയനില്‍ എത്തിയ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ മിനിയേച്ചര്‍ രൂപം കണ്ടപ്പോള്‍ ആകൃഷ്ടനായി. പിന്നെ ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ അമൃത് വികസനപദ്ധതിയെക്കുറിച്ച് തുരുതുരാ ചോദ്യാവലികളായിരുന്നു. അതിനെല്ലാം ക്ഷമയോടെ അമൃത് സ്റ്റേറ്റ് മിഷന് ഡയറക്ടറായ രേണു രാജ് മറുപടി പറഞ്ഞു.
എക്സ്പോയില്‍ ഗുരുവായൂരിലെ പദ്ധതികളുടെ മിനിയേച്ചര്‍ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. പദ്ധതിയ്ക്ക് മുന്‍പും ശേഷവുമുള്ള ഗുരുവായൂര്‍ നഗരത്തിന്റെ ഫോട്ടോകള്‍ കാണിച്ച് അമൃത് പദ്ധതിയ്ക്ക് ശേഷം ഈ ക്ഷത്രനഗരിയുടെ മുഖച്ഛായ മാറിയതെങ്ങിനെയെന്ന് രേണു രാജ് വിശദീകരിച്ചു നല്കി. പദ്ധതികളുടെ മാതൃക പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ നിന്നും അനുമതി ലഭിച്ചത് പിന്നെ കൊച്ചി കോര്പറേഷന് മാത്രമാണ്.
ഒക്ടോബര്‍ അഞ്ച്, ആറ് തിയതികളില്‍ ലഖ്നൗവില്‍ നടന്ന കേന്ദ്ര നഗരവികസനമന്ത്രാലയത്തിന്റെ ആസാദിക മഹോത്സവത്തിലാണ് ക്ഷേത്ര നഗരിയുടെ മിനിയേച്ചര്‍ തയ്യാറാക്കിയിരുന്നത്. അമൃത് (അടല്‍ മിഷന് ഫോര്‍ റീജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്സ്ഫോര്േഷന്) പദ്ധതി നഗരത്തില്‍ ഓരോ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതുള്‍പ്പെടെ നഗര വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നഗരത്തിലെ അഴുക്കുചാല്‍, കുടിവെള്ള വിതരണം, ഗതാഗതം എന്നീ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നഗരത്തിലെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് അമൃത് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗുരുവായൂര്‍ നഗരത്തിലെ കാനകള്‍, നടപ്പാതകള്‍, റോഡുകള്‍ തുടങ്ങിയവ നല്ല രീതിയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിരുന്നു. ലഖ്നൗവിലെ പ്രദര്‍ശനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രവും ചുറ്റുഭാഗങ്ങളും ഉള്‍പ്പെട്ട രണ്ട് കിലോമീറ്റര്‍ വരുന്ന ടെമ്പിള്‍ സിറ്റിയുടെ രൂപരേഖ ആകര്‍ഷകമായാണ് തയ്യാറാക്കിയിരുന്നത്. അമൃത് പദ്ധതികളുടെ ഭാഗമായി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം, തോട് നവീകരണം, കുളം സംരക്ഷണം എന്നിവ ചെയ്തെങ്കിലും അതൊന്നും മിനിയേച്ചര്‍ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അമൃത് പദ്ധതിയില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരിയിയ്ക്കുണ്ടായ വികസനത്തില്‍ പ്രധാനമന്ത്രി ഏറെ സന്തുഷ്ടനായാണ് മടങ്ങിയത്.
അമൃത് പദ്ധതിയുടെ രണ്ടാം ഭാഗം ഈയിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയിലെ 4,700 അര്‍ബന്‍ പ്രാദേശിക ഭരണ സമിതികള്‍ 2.68 കോടി ശുദ്ധജല പൈപ്പ് കണക്ഷന് വീടുകള്‍ക്ക് നല്‍കുകയും അഴുക്ക് നിര്‍മ്മാര്‍ജ്ജനം 100 ശതമാനം ഫലപ്രദമാക്കുകയുമാണ് മോദിയുടെ ലക്ഷ്യം. ഇതിനായി 2.87 ലക്ഷം കോടി രൂപ ചെലവഴിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: