യുട്യൂബിനെ മറികടക്കാനായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച ഐജിടിവി പിന്‍വലിക്കാനൊരുങ്ങുന്നു. പകരം ‘ഇന്‍സ്റ്റാഗ്രാം വീഡിയോ’ എന്ന പേരില്‍ ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കും. കൂടുതല്‍ ഉപഭോക്താക്കളെ ഒന്നിച്ചു ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ചിതറിക്കിടക്കുന്ന വീഡിയോകളെ ഒരുമിപ്പിക്കുന്നതിനായി ഉപഭോക്താവിന്റെ പ്രൊഫൈലില്‍ പുതിയ വീഡിയോ ടാബ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കും.
യൂട്യൂബിന്റെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് 2018ല്‍ ഇന്‍സ്റ്റാഗ്രാം ഐജിടിവി അവതരിപ്പിച്ചത്. ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനായിരുന്നു ഐജിടിവി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും ആണ് അപ്പ്ലോഡ് ചെയ്തിരുന്നത്. യുട്യൂബിന്റെ മുന്നേറ്റം തകര്‍ക്കുകയായിരുന്നു ഇതിന്റെ പ്രധാനലക്ഷ്യം.
ഇത് പരിപൂര്ണവിജയമാകാതായതോടെ 2020 ല്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചിരുന്നു. ഇതോടെ ന്യൂസ് ഫീഡ് വീഡിയോ, റീല്‍സ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ മൂന്ന് തരം വീഡിയോ ഫോര്‍മാറ്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ വന്നു. ഈ മൂന്ന് തരം തിരിവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഐജിടിവി പിന്‍വലിക്കുന്നത്. റീല്‍സിനെ നിലനിര്‍ത്തി ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: