പത്തനംതിട്ട: അടൂരിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സിഐടിയു വിട്ട് രണ്ട് തൊഴിലാളികൾ എഐടിയുസിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഇന്ന് രാവിലെ അടൂർ ടൗണിലായിരുന്നു സംഘർഷം.
നോക്കുകൂലി വാങ്ങിയതിന് നടപടി നേരിട്ടവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിഐടിയു വിശദീകരണം. സിപിഎം സിപിഐ സംഘർഷം പതിവായിരുന്ന അടൂരിൽ ഒരിടവേളക്ക് ശേഷമാണ് വീണ്ടും കമ്മൂണിസ്റ്റ് പാർട്ടികൾ തെരുവിൽ തമ്മിൽ തല്ലുന്നത്. തെഴിലാളി സംഘടനകൾ തമ്മിലുള്ള തർക്കം പാർട്ടി പ്രാദേശിക നേതൃത്വങ്ങൾ ഏറ്റെടുത്തതോടെയാണ് സ്ഥിതി വഷളായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ തർക്കമാണ് ഇന്ന് രാവിലെ അടൂർ ഹൈസ്ക്കൂളിൽ ജംഗ്ഷനിൽ സംഘർഷഭരിതമായി. സംഘര്‍ഷത്തില്‍ സിഐടിയു വിട്ട രണ്ട് തൊഴിലാളികൾക്ക് മർദനമേറ്റു.
സിഐടിയുവിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് യൂണിയനിൽ നിന്ന് രാജിവച്ച പ്രവർത്തകർ എഐടിയുസിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം പണിക്കെത്തിയപ്പോൾ സിഐടിയുക്കാർ തടയുകയും നേരിയ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ എഐടിയുസി, സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതും വലിയ സംഘർഷത്തിൽ കലാശിച്ചതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: