കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. സ്വപ്നയുടെ അമ്മ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
മകള്‍ക്കെതിരെ കൊഫേപോസെ ബോര്‍ഡ് ചുമത്തിയ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കല്‍ നിയമവിധേയമല്ലെന്നായിരുന്നു സ്വപ്നയുടെ മാതാവ് കോടതിയില്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കുകയായിരുന്നു.
കരുതല്‍ തടങ്കലിന് ശിക്ഷിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുക. കേസില്‍ ഉള്‍പ്പെട്ട വ്യക്തി പുറത്തിറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന സാധ്യതകള്‍ എന്നിവ പരിശോധിച്ച് വേണം നടപടികള്‍ കൈക്കൊള്ളാന്‍. അതിനാല്‍ ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ വെക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി. ഇതിനെ തുടര്‍ന്നാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്.
നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കൊഫെപോസ. ഇതുപ്രകാരം ഒരുവര്‍ഷം വരെ പ്രതികളെ അന്വേഷണ ഏജന്‍സികള്‍ക്ക് കരുതല്‍ തടങ്കലിലാക്കാനാകും. 2020 ഒക്ടോബര്‍ 10 നാണ് സ്വപ്നക്കെതിരെ കൊഫെപോസ ചുമത്തിയത്.
എന്നാല്‍ സ്വപ്നയെ കരുതല്‍ തടങ്കലില്‍ വെക്കുമ്പോള്‍ തന്നെ അവര്‍ എന്‍ഐഎയുടെ കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്. നാളെയാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ അവസാനിക്കാനിരിക്കേയാണ് കോടതിയട ഈ നടപടി.
ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്. കരുതല്‍ തടങ്കല്‍ റദ്ദാക്കപ്പെട്ടെങ്കിലും എന്‍ഐഎ യുഎപിഎ ചുമത്തിയിട്ടുള്ള കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കരുതല്‍ തടങ്കല്‍ കോടതി ശരിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: