തവനൂര്‍ (മലപ്പുറം): കേരളഗാന്ധി കെ. കേളപ്പനോടും സമാധി ഭൂമിയോടും കേരളത്തിലെ സര്‍ക്കാരുകളുടെ അവഗണന ബോധപൂര്‍വമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. നിളാവിചാരവേദി സംഘടിപ്പിച്ച കേളപ്പജി 50-ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളഗാന്ധിയുടെ സമാധി ഭൂമിയെ അവഗണിക്കുകയും വാരിയന്കുന്നന് സ്മാരകം പണിയുകയും ചെയ്യുന്ന നിലപാട് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. സമാധിഭൂമി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും അദ്ദേഹം ഉറപ്പുനല്‍കി.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അനുസ്മരണ പ്രഭാഷണം നടത്തി. കേരളീയ ജനതയെ ദേശീയതയില്‍ ചേര്‍ത്തുനിര്‍ത്തിയ വ്യക്തിത്വമാണ് കെ. കേളപ്പന്. ആധുനിക കേരളത്തിന്റെ നിര്‍മ്മിതിക്ക് ആക്കം കൂട്ടിയത് കേളപ്പന് മുന്നോട്ടുവെച്ച ഗാന്ധിയന്‍ ദര്‍ശനങ്ങളാണ്. അതിനെ അവഗണിച്ചാണ് ഇന്നത്തെ കേരളം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിളാ തീരത്ത് പുതുക്കി പണിത സമാധി മണ്ഡപം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ നാടിന് സമര്‍പ്പിച്ചു. അങ്ങാടിപ്പുറം തളി ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന ദീപം സമാധി മണ്ഡപത്തില്‍ സ്ഥാപിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളം ഭരണനിര്‍വ്വഹണ രംഗത്തും, വികസനനയരൂപീകരണത്തിലും മദ്യവര്‍ജ്ജനത്തിലും, പിന്നാക്കക്ഷേമത്തിലും മാതൃകയാക്കേണ്ടത് കേളപ്പജിയുടെ ആശയങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കേളപ്പജിയുടെ പൗത്രന് നന്ദകുമാര്‍ മൂടാടി അദ്ധ്യക്ഷനായി. നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരി, മുരളിമോഹന് എന്നിവര്‍ സംസാരിച്ചു. തവനൂര്‍ മനക്കല് പരമേശ്വരന് സോമയാജിപാട്, ആര്.വി. രമണിയമ്മ, ചക്കത്ത് ഗോപന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: