ജനകോടികള്‍ അഭയകേന്ദ്രമായി കരുതുന്ന ശബരിമലയില്‍ എത്തുമ്പോള്‍, പൊന്നുപതിനെട്ടാംപടി കയറിവരുമ്പോള്‍ കാണുന്ന ഒരു വാക്യമുണ്ട്. വാക്യം എന്നു പറഞ്ഞു കൂടാ. നാലക്ഷരം. ഇഹ-പര ബന്ധങ്ങളെക്കുറിച്ച് ഒരു വേള മനസ്സിന്റെ ഏതെങ്കിലും കോണില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉയരാന്‍ ഒരുപക്ഷേ, ആ മഹാക്ഷരങ്ങള്ക്കു കഴിഞ്ഞേക്കും. അതിതാണ്: ‘തത്വമസി’. ജന്മ-ജന്മാന്തര പാപ- പുണ്യങ്ങളുടെ ചുമടിറക്കി വെയ്ക്കാന്‍ എത്തുന്ന ഭക്തനോട് അയ്യപ്പസ്വാമി പറയുകയാണ്,’ അതു നീ തന്നെ’. ബ്രഹ്മത്തെ അറിയാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുമായി എല്ലാ കഷ്ടപ്പാടുകളും സഹിച്ച് എത്തുന്നവരോടാണ് ഇങ്ങനെ പറയുന്നത്. ഏതു ബ്രഹ്മത്തെയാണോ തേടുന്നത് ആ ബ്രഹ്മം നീ തന്നെയാണെന്ന് പറയുമ്പോള്‍ ദൈവമെന്ന ബ്രഹ്മത്തിലേക്കെത്തുന്ന മനുഷ്യന്റെ മഹായാത്രയെയും അതിന്റെ നിഷ്ഠയേയും അയ്യപ്പസ്വാമി ഹൃദയം കൊണ്ട് അഭിഷേകം ചെയ്ത് പരിപൂതമാക്കുകയാണ്.
അത്തരം ഒരു ധന്യമായ അവസ്ഥയേയും സാഹചര്യത്തേയുമാണ് മാനവികതയുടെ തരിമ്പുപോലുമില്ലാത്ത ഒരു ഭരണകൂടം തകര്‍ത്തെറിഞ്ഞത്. ഭക്തരെ ആട്ടിയകറ്റിയത്. പൊന്നുപതിനെട്ടാംപടിയെന്ന് പവിത്രമായി വിളിക്കുന്ന സ്ഥലത്തെ മലീമസമാക്കിയത്. ഭക്തിയും വിഭക്തിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയാത്ത വൃകോദരന്മാരുടെ താളത്തിനൊത്ത് തുള്ളിയ ഒരു ഭരണകൂടം അതിനൊക്കെ ആധാരമാക്കിയത് ഒരു പെരുങ്കള്ളന്റെ വ്യാജരേഖകളായിരുന്നു എന്ന് ഇപ്പോള്‍ പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിച്ച് വിശ്വാസി സമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പൊതുജന മധ്യത്തില്‍ നഗ്നമായ അവസ്ഥയിലാണ്. വര്‍ഷങ്ങളായി നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളും അട്ടിമറിച്ച് രാഷ്ട്രീയത്തിന്റെ മലീമസമായ കെട്ടുകാഴ്ചയ്ക്ക് അവസരമൊരുക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. അന്താരാഷ്ട്ര തലത്തില്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തിനു നേരെ നടക്കുന്ന ഗൂഢാലോചനയ്ക്ക് കരുത്തേകാന്‍ മ്ലേച്ഛമായ ഒട്ടേറെ പദ്ധതികളായിരുന്നു ആസൂത്രണം ചെയ്തത്.ആ മഹാക്ഷേത്രം പണ്ട് തീയിട്ട നീചശക്തികള്‍ക്ക് ഉയിരും ഉശിരും നല്കാന് ഇടതു ഭരണകൂടം കഴിയാവുന്ന തൊക്കെ ചെയ്തു.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നു പ്രചരിപ്പിക്കപ്പെട്ട ചെമ്പോല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരാമര്‍ശമില്ലെന്നും അവിടത്തെ ഇപ്പോഴത്തെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നവര്‍ യഥാര്ത്ഥത്തിലുള്ളവരല്ലെന്നും മറ്റും പത്തു മുന്നൂറ് വര്‍ഷം മുമ്പത്തെ ചെമ്പോലയിലുണ്ടെന്നായിരുന്നു പ്രചാരണം. അതിനു തുല്യം ചാര്‍ത്താന്‍ ഒരു പൈതൃക പണ്ഡിതനേയും എഴുന്നള്ളിച്ചു. മാലോകരെ അറിയിക്കാന്‍ ഒരു മാധ്യമശിങ്കത്തെയും തരാക്കി. എന്നാല്‍ കെട്ടിപ്പൊക്കിയ നുണക്കൂടാരങ്ങള് ഒന്നൊന്നായി ഇടിഞ്ഞു വീഴുകയാണുണ്ടായത്. വിശ്വാസികളുടെ നെഞ്ചിലെ തീയില്‍ വഞ്ചനയുടെ കെട്ടുകടലാസുകള്‍ ഒന്നൊന്നായി കത്തിക്കരിഞ്ഞു പോവുകയായിരുന്നു.
ഒടുവിലിതാ നുണക്കൊട്ടാരത്തിന്റെ അടിത്തറയും വിണ്ടുകീറിയിരിക്കുന്നു. മോന്സന് മാവുങ്കല്‍ എന്ന ഭൂലോക ഫ്രോഡിനെ കൂട്ടുപിടിച്ച് ശബരിമലയെയും അവിടെ നിന്നുയരുന്ന ആധ്യാത്മിക സംസ്കൃതിയെയും തകര്‍ത്തെറിയാന്‍ കൂട്ടുനിന്നവര്‍ക്കും ഒത്താശ ചെയ്തവര്‍ക്കും കിറുകൃത്യമായാണ് ഫലങ്ങള്‍ കിട്ടുന്നത്. സാധാരണയുള്ള പ്രയോഗമുണ്ടല്ലോ, ‘ഒന്നിനു പത്തായ് പത്തിനു നൂറായ്’ എന്ന്. അതേ പോലത്തെ അനുഭവമാണ് ഘോഷയാത്രയായി എത്തുന്നത്.
എന്നിട്ടും രണ്ടാം ഭരണത്തിന്റെ ഹുങ്കിലാണെന്ന അവകാശവാദമാണെങ്കില്‍ അത് സ്വാഭാവിക നീതിക്കു മുമ്പുള്ള ഇടവേളയാണെന്ന് കരുതിക്കൊള്ളണം. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുന്ന നാട്ടുചികിത്സ. അങ്ങനെയാവുമ്പോഴാണല്ലോ കാണാന്‍ ചന്തമുണ്ടാവുക. ഇനി നടേ സൂചിപ്പിച്ച’തത്വമസി’യിലേക്കു വരാം. ബ്രഹ്മജ്ഞാനത്തിന്റെ ആത്യന്തികാനുഭൂതിയിലേക്കു പദംവച്ചു വരുന്നവരോട് അയ്യപ്പന് പറഞ്ഞത് അതു നീയാണ് എന്നാണല്ലോ. നീച മനസ്സിന്റെ ഉപോത്പന്നമായ മ്ലേച്ഛതയുമായി നടക്കുന്ന ഭരണകൂടത്തോടും അതിനെ താങ്ങി നിര്‍ത്തുന്ന പാര്‍ട്ടിയോടും അതു തന്നെയാണ് അയ്യപ്പന് പറയുന്നത്. ‘ അതു നിങ്ങളാണ്’. മനോവേദനയാല്‍ ഹൃദയം പൊട്ടി മരിച്ചവര്‍, ഭജനപാടി പോകവേ കല്ലേറേറ്റ് അന്ത്യശ്വാസം വലിച്ചവര്‍, എണ്ണിയാലൊടുങ്ങാത്ത ദുഃഖ-ദുരിതങ്ങള്‍ ഏറ്റുവാങ്ങിയവര്‍, അപമാനിതരായവര്‍, അപഹസിക്കപ്പെട്ടവര്‍… അത്തരക്കാരെ അയ്യപ്പസ്വാമി സാന്ത്വനിപ്പിക്കാതിരിക്കുമോ? ഒന്നൊന്നായി പണി കൊടുക്കാതിരിക്കുമോ? നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ!
നേര്മുറിമോന്സന് മാവുങ്കലിനെ ആസ്ഥാന പുരാവസ്തു മേധാവിയാക്കാന്‍ ഇനിയെന്താണാവോ തടസ്സം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: