ന്യൂദല്‍ഹി : പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വെക്കുന്നതിന്റെ ഭാഗമായി ക്ഷണിച്ച ലേല ടെന്‍ഡറുകളില്‍ ഏറ്റവും ഉയര്‍ന്നത് ടാറ്റയുടേതാണെന്നാണ് സൂചന. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്.
ടാറ്റയ്ക്കൊപ്പം സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിരുന്നു. സ്പൈസ് ജെറ്റ് സമര്‍പ്പിച്ച ടെന്‍ഡറില്‍ നിന്നും 5000 കോടി അധികം ടാറ്റ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. അവര്‍ ഇതിന് അംഗീകാരം നല്കി കഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി. ഗ്രൗണ്ട് ഹാന്‍ഡലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സര്‍ക്കാര്‍ വില്‍ക്കും.
എയര്‍ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റാ ഗ്രൂപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവ പ്രതികരിച്ചു. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റയ്ക്ക് കഴിയും. ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും ജിതേന്ദ്രര്‍ ഭാര്‍ഗവ വ്യക്തമാക്കി. 1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: