തിരുവനന്തപുരം: കുമാരപിള്ള കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരമുള്ള ഫീസാനുകൂല്യം സര്‍ക്കാര്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കാതെ തടഞ്ഞുവച്ചതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ വലയുന്നു. പ്ലസ്ടു മുതല്‍ പിഎച്ച്ഡി വരെയുള്ള, ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്കാണ് കുമാരപിള്ള കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം ഫീസാനുകൂല്യം നല്കി വന്നിരുന്നത്. കാലങ്ങളായി നല്കിവന്നിരുന്ന ആനുകൂല്യം 2018 മുതലാണ് ഇടതു സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച വരുമാനത്തില്‍ കുറവുള്ള കുട്ടികള്‍ക്ക് മെറിറ്റില്‍ ഫീസ് ആനുകൂല്യത്തോടെ പഠിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ആനുകൂല്യം നല്കുന്നതില് വിവേചനമുണ്ടെന്നാണ് പരാതി ഉയരുന്നത്.
എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, എയ്ഡഡ് പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയില്‍ കമ്യൂണിറ്റി മെറിറ്റ്, മാനേജ്മെന്റ് ക്വാട്ട വഴി പ്രവേശനം നേടിയവര്‍ക്ക് ഫീസ് ആനുകൂല്യം നല്‍കേണ്ടതില്ലെന്നാണ് പട്ടികജാതി, പട്ടികവര്‍ഗവകുപ്പിന്റെ തീരുമാനം. കുമാരപിള്ള കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം ഇത്തരം വേര്‍തിരിവുണ്ടായിരുന്നില്ല. ഏതു കോളജിലും മെറിറ്റിലോ സംവരണത്തിലോ പ്രവേശനം നേടിയ, വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള ഏതു വിദ്യാര്‍ഥിക്കും ആനുകൂല്യം നല്‍കണം. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍, ജനറല്‍ മെറിറ്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു വിഭാഗം വിദ്യാര്‍ഥികളെ ഒഴിവാക്കുന്നത്. എയ്ഡഡ് കോളജുകളില്‍ സര്‍ക്കാര്‍ അനുവദിച്ച 20 ശതമാനം സീറ്റില്‍ പ്രവേശനം നേടിയ കുട്ടികളുടെ ഫീസ് ആനുകൂല്യം തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്നാണ് വിലയിരുത്തല്‍.
2018ല്‍ പ്രവേശനം നേടി ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ ഫീസ് ആനുകൂല്യമായ 9000 രൂപ പിടിച്ചുവാങ്ങുന്ന സമീപനമാണിപ്പോഴുള്ളത്. മൂന്ന് വര്‍ഷവും പഠിച്ച വകയിലുള്ള ഫീസ് ആനുകൂല്യം അടയ്ക്കാതെ ടിസി നല്‍കില്ലെന്ന നിലപാട് സ്വീകരിക്കുന്നതോടെ വിദ്യാര്‍ഥികള്‍ ഫീസ് അടയ്ക്കേണ്ടി വരുന്നു. സര്‍ക്കാര്‍ കുമാരപിള്ള കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോളജിലേക്ക് നല്‍കേണ്ട ആനുകൂല്യം അടയ്ക്കാത്തതിനാലാണ് ടിസി തടയുന്നത്. കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യം നല്‍കരുതെന്ന് കോളജ് അധികാരികളെ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: