തിരുവല്ല: പ്രധാനമന്ത്രി പോഷണ്‍ അഭിയാന് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് ബ്ലോക്ക് തലത്തില്‍ നിയോഗിക്കപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അസി.കോ-ഓര്‍ഡിനേറ്റര്‍മാരുടെയും കാലാവധി ഇന്ന് അവസാനിക്കും. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരുടെ സേവന കാലാവധി നീട്ടികിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. സേവന കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പദ്ധതിയുടെ നടത്തിപ്പിന് കേരളത്തില്‍ 315 കോ-ഓര്‍ഡിനേറ്റര്‍മാരും അസി. കോ-ഓര്ഡിനേറ്റര്മാരുമുണ്ട്. ഇവര്‍ ജോലിയില്‍ നിന്ന് പുറത്ത് പോയാല്‍ സംസ്ഥാനത്ത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കാന്‍ കേന്ദ്രം ആവിഷ്കരിച്ച പദ്ധതിയാണ് പോഷണ്‍ അഭിയാന്. ഇത് സംസ്ഥാനത്ത് പേര് മാറ്റി സമ്പുഷ്ട കേരളം എന്ന പേരിലാണ് നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷവും കോ-ഓര്‍ഡിനേറ്റര്‍മാരുടെ കാലവധി അവസാനിച്ചതിനു ശേഷമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായത്. ഈ വര്‍ഷവും തല്‍സ്ഥിതി തുടരാനാണ് സാധ്യത. പദ്ധതിയുടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആണ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം, അവരുടെ കാലാവധി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിന് നല്‍കേണ്ടത്. എന്നാല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടെ ഭാഗത്തുനിന്ന് ഇതുവരെ കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. മറ്റു പലസംസ്ഥാനങ്ങളും നിയമനം ദീര്‍ഘിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടും കേരളത്തിന്റെ ഭാഗത്ത് അനാസ്ഥ തുടരുകയാണ്.
കേന്ദ്രം അനുവദിച്ച പകുതി തുക പോലും ചെലവഴിച്ചില്ല
കേന്ദ്രാവിഷ്കൃത പദ്ധതി പേര് മാറ്റി സംസ്ഥാനത്ത് നടപ്പാക്കിയിട്ടും കേന്ദ്രം അനുവദിച്ച തുകയുടെ പകുതി പോലും സംസ്ഥാനം വിനിയോഗിച്ചില്ല. പാര്‍ലമെന്റില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 1,283.89 കോടി രൂപ മാത്രമാണ് സംസ്ഥാനം ഉപയോഗിച്ചിട്ടുള്ളത്. അതായത്, അനുവദിച്ച തുകയില്‍ 29.97 ശതമാനം മാത്രം. 2019-20 സാമ്പത്തികവര്‍ഷത്തിലേക്കായി 19 സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കിയിരുന്നു. ഇതില്‍ 12 സംസ്ഥാനങ്ങളും അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ മൂന്നില്‍ ഒരു ശതമാനം ഫണ്ട് പോലും ഉപയോഗിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: