ആലപ്പുഴ : സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യയ്ക്ക് കയര്‍ഫെഡില്‍ അനധികൃത നിയമനം നടത്തിയതായി ആരോപണം. ജില്ലാ സെക്രട്ടറി ആര്. നാസറിന്റെ ഭാര്യ ഷീല നാസറിനാണ് അനധികൃത നിയമനം നടത്തിയിരുക്കുന്നത്. പെന്ഷന് പ്രായം ആയിട്ടും ഇവരെ കയര്‍ ഫെഡ് ആസ്ഥാനത്തെ പേഴ്സണല്‍ മാനേജരാക്കി ഇവര്‍ക്ക് പുനര്‍ നിയമനം കൊടുക്കുകയായിരുന്നു.
58 വയസ്സ് കഴിഞ്ഞ ഷീല കഴിഞ്ഞ ജൂലൈയില്‍ ജോലിയില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍ ഉന്നത ഇടപെടലില്‍ കയര്‍ ഫെഡ് ആസ്ഥാനത്തെ പേഴ്സണല്‍ മാനേജരാക്കി അവര്‍ക്ക് വീണ്ടും പുനര്‍നിയമനം കൊടുക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ 42581 രൂപയാണ് അവര്‍ ശമ്പളമായി കൈപ്പറ്റിയത്. ഷീലയ്ക്കൊപ്പം 13 ഓളം പേര്‍ക്കാണ് ഹെഡ് ഓഫീസിലടക്കം അനധികൃത നിയമനം നല്‍കിയത്.
സിഐടിയു എംപ്ലോയീസ് യൂണിയന് സെക്രട്ടറി എം.പി. നാരായണനും ഇത്തരത്തില്‍ പുനര്‍ നിയമനം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വാങ്ങിയ ശമ്പളം, 25161 രൂപ. പെന്ഷന് പറ്റിയവരെ ഒരു കാരണവശാലും പുനര്നിയമിക്കരുതെന്നാണ് കേരള സഹകരണ ചട്ടത്തിലുള്ളത്. ഇത് കാറ്റില്‍ പറത്തിക്കൊണ്ടാണ് നരായണനും ഷീലയും പുനന്‍ നിയമനം നേടിയിരിക്കുന്നത്.
എന്നാല്‍ ഇരുവരേയും നിയമിച്ച തസ്തികകളിലേക്ക് പിഎസ്സി വഴി ഒഴിവുകള്‍ ഉടന്‍ നികത്തും. അതുവരെ പരിചയ സമ്പന്നരെ തുടരാന്‍ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്. പുനര്‍നിയമനം നടത്താന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നുമാണ് കയര്‍ ഫെഡ് ചെയര്മാന് എന്‍. സായികുമാര്‍ ഇതിനോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: