കൊച്ചി: ശബരിമലക്കെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമയ്ക്കുന്നതിനും കൂട്ടുപിടിച്ചത് പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിനെ. ശബരിമല യുവതി പ്രവേശന വിഷയം കത്തിനില്‍ക്കുന്ന സമയത്താണ് 24 ന്യൂസ് ചാനല്‍ തട്ടിപ്പുകാരനെ കൂട്ടുപിടിച്ച് കേരളത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. മോന്സണ് അറസ്റ്റിലായതോടെയാണ് മാധ്യമങ്ങളുടെ തട്ടിപ്പ് വാര്‍ത്തകളും വ്യക്തമാകുന്നത്. ശബരിമലയിലെ ആചാരലംഘനത്തിന് സൈദ്ധാന്തിക ഭാഷ്യം ചമയ്ക്കാന്‍ സിപിഎമ്മും സര്‍ക്കാരും മാധ്യമങ്ങളും തട്ടിപ്പുകാരെയാണ് കൂട്ടുപിടിച്ചതെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
400 വര്‍ഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരിലാണ് മോന്സണ് മാവുങ്കല്‍ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വര്‍ഷം 843 ല്‍ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്.
തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ഷഹിന്‍ ആന്റണിയാണ് ഈ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചെമ്പോല തിട്ടൂര പ്രകാരം ഈഴവര്‍ക്കാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ ഉള്ള അവകാശമെന്നും ഈ രേഖകള്‍ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയില്‍ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കൈവശമാണ് ഇപ്പോള്‍ ഈ രേഖയെന്നതും ആ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്.
തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കിന്റെ കേസ് മുറുകുമ്പോള്‍ 24 ന്യൂസും പ്രതിക്കൂട്ടിലാണ്. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറാണ് മോന്സന് മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
നേരത്തെ മോന്സണ് മാവുങ്കലിനെതിരെ പരാതി വന്നപ്പോള്‍ ഒതുക്കി തീര്‍ത്ത കൊച്ചി എസിപി ലാല്‍ജിയുമായും, ഡിഐജി സുരേന്ദ്രന്, ഐജി ലക്ഷ്മണ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് 24 ന്യൂസിലെ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീര്‍, സിദ്ദിഖ്, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
നേരത്തെ, 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായിരുന്നു. തുടര്‍ന്ന് ചാനല്‍ മുഖം രക്ഷിക്കാന്‍ ഇയാളെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ഒളിവില്‍ പോയപ്പോള്‍ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടത് സഹിന് ആന്റണിയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോന്സണ് പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരന് രാജീവ് ശ്രീധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെ സുല്‍ത്താന്‍ 67,000 കോടി രൂപ നല്‍കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായും രാജീവ് ശ്രീധര്‍ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: