കരുനാഗപ്പള്ളി: തഴവ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ശ്രീകോവില്‍ ചോര്‍ന്നൊലിച്ചിട്ടും പരിഹാരം കാണാതെ ദേവസ്വം ബോര്‍ഡ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുകളില്‍ പിത്തളയില്‍ സ്ഥാപിച്ച താഴികക്കുടത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ദ്രവിച്ച് വിണ്ടുകീറി.
ഇതിലൂടെ മഴവെള്ളം ശ്രീകോവിലിലേക്ക് വീണ് ചൈതന്യ ലോപം വരുന്നതായി ബോധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചത്. താഴികക്കുടം അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
ക്ഷേത്ര പുനരുദ്ധാരണത്തിന് ധനസഹായം അനുവദിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഉപദേശക സമിതി ഭാരവാഹികളെ അറിയിച്ചു. താഴികക്കുടം മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ നാലു ലക്ഷത്തോളം രൂപ ക്ഷേത്ര ഉപദേശക സമിതി ചെലവാക്കാമെന്ന് ബോര്‍ഡിനെ അറിയിച്ചിട്ടും താഴികക്കുടത്തിന്റെ ജീര്‍ണത പരിഹരിക്കാനുള്ള അനുവാദം ബോര്‍ഡ് നല്‍കിയിട്ടില്ല. ബോര്‍ഡിന്റെ നിഷേധാത്മക നിലപാടിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധിക്കാനുള്ള നീക്കത്തിലാണ് ഉപദേശക സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: