കോഴിക്കോട്: ശബരിമല വിമാനത്താവളത്തിനായുള്ള അപേക്ഷയില്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറച്ചുവെച്ചവയില്‍ പ്രധാനപ്പെട്ടത് ഭൂമിതട്ടിപ്പ് രേഖ. എന്നാല്‍, ഈ വിഷയത്തില്‍, ഫോറന്‍സിക് ലാബ് നടത്തിയ ശാസ്ത്രീയ പരിശോധനാഫലവും പ്രധാനമന്ത്രിയുടെ ഓഫീസിന് (പിഎംഒ) ലഭിച്ചു. ഇതില്‍ പ്രത്യേക അന്വേഷണത്തിനുള്ള സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.
പ്രമാണരേഖകളിലെ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, വ്യാജ സീല്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുത്തിയ മഷി, എഴുത്ത് രീതി, കൈയക്ഷരം, മുദ്ര, എഴുതിയ പേപ്പര്‍ തുടങ്ങി അഞ്ച് കാര്യങ്ങളില്‍ കൃത്രിമം കണ്ടെത്തി. ഒമ്പതു പേജ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍, ഹാരിസണ്‍സ് ആധാരത്തില്‍ 63 തിരുത്തലുകള്‍ വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ടെത്തിയ, 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശാസ്ത്രീയമായി ഔദ്യോഗിക സ്ഥാപനം ശരിവെച്ച റിപ്പോര്‍ട്ടില്‍ പ്രതികളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാനത്തെ ഭൂരഹിതരെ വഞ്ചിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ആധികാരികമായി വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് നിയമവൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.
സര്‍ക്കാരിന് അവകാശപ്പെട്ട അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി കൈയേറ്റക്കാരുടെ പക്കലുണ്ട്. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്, അവരുടേതെന്ന് വാദിക്കുന്ന ഭൂമി കൃത്രിമ രേഖയുണ്ടാക്കി സ്ഥാപിച്ചെടുത്തതാണെന്നാണ് ഫോറന്‍സിക് ലാബിലെ അതിശാസ്ത്രീയ വിശകലനത്തിലെ കണ്ടെത്തല്‍. 2018 ജൂണ്‍ 12 നാണ് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. അപര്‍ണ റിപ്പോര്‍ട്ട് നല്‍കിയത്.
അതിനു മുമ്പ്, വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഹാരിസണ്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ കൃത്രിമമാണെന്ന് ഡിവൈഎസ്പി നന്ദനന്‍പിള്ള റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ജൂലൈ 21ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. അഞ്ചു ലക്ഷം ഏക്കറിലേറെ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് മുന്‍ ഗവണ്മെന്റ് സ്പെഷ്യല്‍ പ്ലീഡര്‍ സുശീല.ആര്. ഭട്ട് ഹൈക്കോടതിയില്‍ രേഖ സമര്‍പ്പിച്ചതും ലാന്‍ഡ് റവന്യൂ പ്രത്യേക ഓഫീസറായിരുന്ന രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്.
ഈ ഭൂമി മുഴുവന്‍ തിരിച്ചുപിടിച്ച്, ഭൂരഹിതര്‍ക്ക് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നിരിക്കെയാണ് ചെറുവള്ളി ഭൂമി ഇടപാടിന് വേണ്ടി കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നില്ക്കുന്നതും പിഎംഒയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: