ന്യൂദല്‍ഹി: രാജ്യത്തെ 135 കോടി പേര്‍ക്കും ഏറെപ്രയോജനകരമായ പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് തുടക്കം. ചികിത്സാ രംഗത്തെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ചികിത്സ എളുപ്പമാക്കാനും ഉതകുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായ ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അദ്ദേഹം പുറത്തിറക്കി.
ഓരോ പൗരന്റെയും ആരോഗ്യം, അസുഖം, ചികിത്സ എന്നിവ സംബന്ധിച്ച വിവരങ്ങളും രേഖകളും (ഡേറ്റാ) ഡിജിറ്റലാക്കി സൂക്ഷിക്കുന്ന ഏകീകൃത സംവിധാനമാണിത്. ഇതുമായി ബന്ധപ്പെട്ട് ഒരോ പൗരനും പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡ് ലഭിക്കും. ഈ തിരിച്ചറിയല്‍ കാര്‍ഡ് (നമ്പര്‍) ഉപയോഗിച്ച് രോഗിക്കും, ഡോക്ടര്‍മാര്‍ക്കും വിവരങ്ങള്‍ പരിശോധിക്കാം. ആരോഗ്യവിവരങ്ങളും രോഗസാധ്യതകളും അറിയാം. ഓരോ തവണയും ആശുപത്രിയോ ഫാര്‍മസിയോ സന്ദര്‍ശിക്കുമ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. ഡോക്ടറെ കാണുന്നതു മുതല്‍ ചികിത്സ വരെയുള്ള എല്ലാ വിവരങ്ങളും ഹെല്‍ത്ത് പ്രൊഫൈലില്‍ ലഭിക്കും. മരുന്നു കുറിപ്പടികള്‍, പരിശോധനാഫലങ്ങള്‍, ഡിസ്ചാര്‍ജ് സമ്മറി തുടങ്ങിയവയും രേഖപ്പെടുത്തും.
ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സെര്‍വര്‍ വിവരങ്ങള്‍ക്ക് അനുമതി കൊടുക്കുക. ആശുപത്രിയില്‍ നേരിട്ടെത്താതെ ടെലി കണ്‍സള്‍ട്ടേഷനും ഇ ഫാര്‍മസികളിലും സേവനങ്ങള്‍ ലഭ്യമാക്കും. കൂടാതെ ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ആരോഗ്യപരിരക്ഷ, ചികിത്സാ സഹായങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനാണ് രാജ്യമാകെ വ്യാപിപ്പിക്കുന്നത്. ലക്ഷദ്വീപ്, പുതുച്ചേരി ഉള്‍പ്പടെയുള്ള ആറു കേന്ദ്രഭരണ പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമാണെന്ന് കണ്ടതോടെയാണ് പുതിയ പേരില്‍ രാജ്യവ്യാപകമാക്കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കീഴിലാണ് ഇത് നടപ്പാക്കുക.
ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള ദൗത്യമാണ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് – ഡിജിറ്റല്‍ മിഷന് എന്നിവ വഴി രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ സാങ്കേതിക, ചികിത്സാ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും. ആശുപത്രികളിലെ പ്രക്രിയകള്‍ ലളിതമാക്കും. ഓരോ പൗരനും ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ലഭിക്കും. കൂടാതെ അവരുടെ ആരോഗ്യരേഖ ഡിജിറ്റലായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: