കൊച്ചി: പുരാവസ്തു വില്പനക്കാരന് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കിന്റെ കേസ് മുറുകുമ്പോള്‍ 24 ന്യൂസും ആരോപണ മുനമ്പില്‍. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറാണ് മോന്സന് മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വെളിപ്പെടുത്തുന്നത്.
നേരത്തെ മോന്സണ് മാവുങ്കലിനെതിരെ പരാതി വന്നപ്പോള്‍ ഒതുക്കി തീര്‍ത്ത കൊച്ചി എസിപി ലാല്‍ജിയുമായും, ഡിഐജി സുരേന്ദ്രന്, ഐജി ലക്ഷ്മണ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് 24 ന്യൂസിലെ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീര്‍, സിദ്ദിഖ്, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
നേരത്തെ, 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായിരുന്നു. തുടര്‍ന്ന് ചാനല്‍ മുഖം രക്ഷിക്കാന്‍ ഇയാളെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ഒളിവില്‍ പോയപ്പോള്‍ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടത് സഹിന് ആന്റണിയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോന്സണ് പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരന് രാജീവ് ശ്രീധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെ സുല്‍ത്താന്‍ 67,000 കോടി രൂപ നല്‍കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായും രാജീവ് ശ്രീധര്‍ പരാതിയില്‍ പറയുന്നു.
ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്സണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: