തിരുവനന്തപുരം : കോണ്‍ഗ്രസിനുള്ളിലും വിള്ളല്‍ വീഴ്ത്തി നര്‍കോട്ടിക് ജിഹാദ്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തുറന്നെതിര്‍ത്ത കോൺഗ്രസ് മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. പി.ചിദംബരത്തിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന പിന്തുണയും നല്‍കിയിരുന്നു.
ഇതോടെ പി. ചിദംബരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുഖം രക്ഷിയ്ക്കാനുള്ള പാതയിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന്റെ ഭാഗമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പി.ചിദംബരത്തിന്റെ പ്രസ്താവന തള്ളി. “കേരളത്തിലെ വിഷയങ്ങളിൽ അഭിപ്രായം പറയാൻ കേരളത്തിലെ നേതാക്കൾക്ക് അറിയാം. തങ്ങൾ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ല. ബിഷപ്പിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നിലപാടിൽ മാറ്റമില്ല,” സുധാകരൻ ഞായറാഴ്ച പറഞ്ഞു.
വിഷയത്തില്‍ തങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നും ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ചിദംബരം പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്ക്ക് അതിന്റെ പശ്ചാത്തലം കണ്ടെത്തി അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടുന്ന ഉത്തരവാദിത്വം തങ്ങൾക്കില്ല” -സുധാകരൻ വിശദമാക്കി.
ഇന്ത്യൻ എക്സ്പ്രസിന്റെ ലേഖനത്തിലാണ് ചിദംബരം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പേരെടുത്ത് വിമർശിച്ചത്. നർക്കോട്ടിക് ജിഹാദ് പരാമർശം വെളിവാക്കുന്നത് വികലമായ മനോഭാവമാണ്. മതവിഭാഗങ്ങളെ വർഗീയമായി ഭിന്നിപ്പിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും ഈ മതഭ്രാന്തിനെ രാജ്യം പുറന്തള്ളണമെന്നുമാണ് ചിദംബരം ലേഖനത്തില്‍ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: