ന്യൂദല്‍ഹി: അമേരിക്കയില്‍ സപ്തംബര്‍ 22 ബുധനാഴ്ച എത്തുന്ന പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ഷ്രിംഗ്ല. മതമൗലികവാദവല്‍ക്കരണവും തീവ്രവാദവും തടയാനുള്ള വഴികളാണ് ഇരുവരും ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുകയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ഷ്രിംഗ്ല പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നീട് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും പങ്കെടുക്കും. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാസാഹചര്യവും ഇരുവരുടെയും ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയമാകും. ‘ആഗോള തീവ്രവാദ ശൃംഖലകള്‍ തകര്‍ക്കല്‍, അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം, തീവ്രവാദവും മതമൗലികവാദവല്‍ക്കരണവും തടയല്‍ എന്നിവയും ചര്‍ച്ചാവിഷയമാകും,’ ഷ്രിംഗ്ല പറഞ്ഞു.
സപ്തംബര്‍ 24ന് വീണ്ടും മോദിയും ബൈഡനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും. ഈ ചര്‍ച്ചയില്‍ പുഷ്കലവും ബഹുമുഖവുമായ ഇന്ത്യാ-യുഎസ് ബന്ധങ്ങള്‍ വിലയിരുത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യും. വ്യാപാരം, നിക്ഷേപ ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുക, പ്രതിരോധ സുരക്ഷാ പങ്കാളിത്തങ്ങള്‍ മെച്ചപ്പെടുത്തുക, ക്ലീന്‍ എനര്‍ജി മേഖലയിലെ പങ്കാളിത്തം വിപുലമാക്കുക എന്നീ കാര്യങ്ങളും ചര്‍ച്ചാ വിഷയമാകുമെന്ന് ഷ്രിംഗ്ല പറഞ്ഞു.
യുഎസ്-ബ്രിട്ടന്-ആസ്ത്രേല്യ എന്നീ ത്രിരാഷ്ട്രങ്ങളുടെ ഉടമ്പടിയായ ഓകസ് ഉടമ്പടിയും ക്വാഡ് രാഷ്ട്രങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഷ്രിംഗ്ല വിശദീകരിച്ചു. ജപ്പാന്, ആസ്ത്രേല്യ, അമേരിക്ക, ഇന്ത്യ എന്നീ നാല് രാഷ്ട്രങ്ങള്‍ അംഗങ്ങളായ ക്വാഡ് ഇന്തോൃ-പസഫിക് മേഖലയിലെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സംഘമാണ്. എന്നാല്‍ ഓകസ് മൂന്ന് രാഷ്ട്രങ്ങല്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ഉടമ്പടിയാണ്. ഇത് ക്വാഡിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല, വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി.
ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ അമേരിക്കയില്‍ നിന്നും വാങ്ങുന്നതിനുള്ള ആസ്ത്രേല്യയുടെ കരാര്‍ ആണവ നിര്‍വ്യാപനക്കരാറിന്റെ ലംഘനമാവില്ല. കാരണം ഈ മുങ്ങിക്കപ്പലുകളില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ഈ കപ്പലുകള്‍ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമേയുള്ളൂവെന്നും ഷ്രിംഗ്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: