ന്യൂഡല്‍ഹി : ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരില്ല. ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമല്ലെന്നന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ. ) കേന്ദ്ര വ്യോമ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നും സ്ഥലത്തിന് റണ്‍വേയ്ക്ക് ആവശ്യമായ നീളവും വീതിയും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കോട്ടിഘോഷിച്ച ആറന്മുള വിമാനത്താവളത്തിന്റെ ഗതി തന്നെയാകും ചെറുവള്ളി വിമാനത്താവളത്തിനും.
്പദ്ധതിയെ അനുകൂലിച്ച് കേരളം വിശദമായ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സിയായ ലൂയി ബര്‍ഗറും ചേര്‍ന്ന് തയാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ വ്യോമമന്ത്രാലയം അഭിപ്രായം തേടിയിരുന്നു. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് നല്‍കിയത്.
കെ പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ ശബരിമല വിമാനത്താവളം നിര്മ്മിക്കുമെന്നായിരന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കോടതിയില്‍ കേസ് നിലനില്ക്കുമ്പോള് സര്‍ക്കാര്‍ വിലകൊടുത്ത് ഭൂമി ഏറ്റെടുക്കുന്നത് വിവാദമായിരുന്നു. ഇടപാടിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. അതിനിടയില്‍ പിതിയ റിപ്പോര്‍ട്ട് ശബരിമല വിമാനത്താവളം എന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തിന് വലിയ തിരിച്ചടി ആയി.
ആരുടേയും ഒപ്പുപോലുമില്ലാതെയാണ് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. അതിനാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിശ്വസനീയമല്ലന്ന് ഡി.ജി.സി.എ. വ്യക്തമാക്കുന്നു. മാത്രമല്ല നിര്‍ദ്ദിഷ്ട 2,263 ഏക്കര്‍ സ്ഥലം വിമാനത്താവള വികസനത്തിന് അനുയോജ്യമല്ല.സ്ഥലത്തിന് റണ്‍വേയ്ക്ക് ആവശ്യമായ വീതിയും നീളവുമില്ല.അടുത്തുള്ള ജനവാസകേന്ദ്രങ്ങളെ വിമാനത്താവള നിര്‍മ്മാണവും പ്രവര്‍ത്തനവും എങ്ങിനെ ബാധിക്കുമെന്ന് കേരളത്തിന്റെ റിപ്പോര്‍ട്ടില്‍ ഇല്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ കണ്ടെത്തി.
150 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലേറെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പാടില്ലെന്ന ചട്ടത്തിന് വിരുദ്ധമാകുമെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശിക്കുന്നു.കൊച്ചിയില്‍ നിന്ന് 88 കിലോ മീറ്ററും തീരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും മാത്രമാണ് ദൂരം.150 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലേറെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പാടില്ല.അത് മറികടന്ന് വിമാനത്താവളം നിര്‍മ്മിച്ചാല്‍ കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലെ എയര്‍ട്രാഫിക് പരിധിയില്‍ വരും. അത് സര്‍വ്വീസുകളെ പ്രതികൂലമായി ബാധിക്കും.വ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് പറയുന്നു.
വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി പല കേസുകളിലാണ്. സിവില്‍ കേസും ക്രിമിനല്‍ കേസും ഇതിനു പിന്നിലുണ്ട്. വസ്തുവിന്റെ അടിയാധാരം പോലും വ്യാജ രേഖയുണ്ടാക്കിയതാണ്. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിവിധ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കൈയേറി അവകാശപ്പെടുത്തിയിരിക്കുകയാണ്. ഈ കൈയേറ്റങ്ങള്‍ അന്വേഷിച്ച എം.ജി. രാജമാണിക്യം, സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു.
വിമാനത്താവളത്തിന് കണ്ടുവച്ചിട്ടുള്ള ഭൂമി സര്‍ക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് പിണറായി സര്‍ക്കാര്‍ തന്നെയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റുള്‍പ്പെടെ വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയതിനാണ് വിജിലന്‍സ് അന്വേഷണം നടന്നത്. ഇതിനു പുറമേയാണ്, സര്‍ക്കാരിനാണോ ഉടമസ്ഥതയെന്ന കാര്യത്തില്‍, ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൊടുത്ത സിവില്‍ കേസ് കോടതിയില്‍ നടക്കുന്നത്. ഇങ്ങനെ കേസുകളുടെയും നിയമ ലംഘനങ്ങളുടെയും അഴിയാക്കുരുക്കുകളില്‍ കിടക്കുന്ന ഭൂമിയില്‍ വിമാനത്താവളം പണിയാന്‍ ് മുഖ്യമന്ത്രി അമിതോത്സാഹം കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: