തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം സുപ്രീംകോടതി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഉറപ്പുവരുത്തി പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ എത്രയും പെട്ടന്ന് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണി. വിദ്യാര്‍ത്ഥികളുടേയും കുട്ടികളുടേയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അവര്‍ക്ക് പഠിക്കാനുള്ള സാവകാശം കൂടി നല്‍കിയായിരിക്കും ടൈംടേബിള്‍ തയ്യാറാക്കുകയെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷക്ക് അനുമതി നിഷേധിച്ച് കോടതി സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ഉറപ്പ് പരിഗണച്ചാണ് പ്ലസ് വണ്‍ പരീക്ഷക്ക് അനുമതി നല്‍കിയത്. ചെറിയ പാളിച്ച ഉണ്ടായാല്‍ കോടതി ഇടപെടല്‍ ഉണ്ടാകും. ഇത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. ഇതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടത്തുക.
പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളുകളില്‍ അണുനശീകരണം ഇനിയും പൂര്‍ത്തിയാക്കാനുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ഇടവേളകള്‍ നല്‍കിയാകും പരീക്ഷയുടെ നടത്തിപ്പ്. അതേസമയം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാകും സ്കൂളുകള്‍ തുറക്കുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. ഇതില്‍ വിദ്യാഭ്യാസ വകുപ്പിന് മാത്രമായി തീരുമാനമെടുക്കാനാവില്ല. തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറന്നതിന് പിന്നാലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത് അതിനാല്‍ വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷം മാത്രമേ സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: