ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ നടക്കുന്ന കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ പുതിയ റെക്കോര്‍ഡ്. പ്രതിദിന വാക്സിനേഷന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4.10 വരെ നല്‍കിയത് 1.7 കോടി വാക്സിന് ഡോസുകളാണ്. ഭാരതത്തില്‍ ഒരു ദിവസം ഒരു കോടി ഡോസുകള്‍ നല്‍കുന്നത് ഇത് നാലാം തവണയാണ്.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 77,24,25,744 കോടിയാണ്. 77,78,319 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,950 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,25,98,424 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.65% ആയി ഉയര്‍ന്നു.
തുടര്‍ച്ചയായ 82ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. 34,403 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,39,056 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.02 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,27,420 പരിശോധനകള്‍ നടത്തി. ആകെ 54.92 കോടിയിലേറെ (54,92,29,149) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.97 ശതമാനമാണ്. കഴിഞ്ഞ 84 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.25 ശതമാനമാണ്. കഴിഞ്ഞ 18 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയും 101 ദിവസമായി അഞ്ച് ശതമാനത്തില്‍ താഴെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: