തിരുവനന്തപുരം: 45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ഭഗവദജ്ജുകം മികച്ച സംസ്‌കൃത സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്‌കൃത നാടക കലാകാരന്‍ കിരണ്‍രാജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ ബോധായനന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഭഗവദജ്ജുകം എന്ന് പേരിട്ടിരിക്കുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ആദ്യ സംസ്‌കൃത ചലച്ചിത്രംകൂടിയാണ്. ചരിത്രത്തെ ആസ്പദമാക്കിയും നിരവധി പരീക്ഷണങ്ങള്‍ സംസ്‌കൃതത്തില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്
വിപിന്‍ ചന്ദ്രന്‍ ചിത്രത്തിന്റെ ക്യാമറയും പ്രദീപ് ചന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംസ്‌കൃത നാടക സംവിധായക അശ്വതി വിജയനാണ് സംഭാഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംവിധാനം അനില്‍ കാട്ടാക്കടയും വസ്ത്രാലങ്കാരം വിനിത കെ തമ്പാന്‍, മുരളീ ചന്ദ്ര എന്നിവര്‍ ചേര്‍ന്നുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖം ജിഷ്ണു വി നായരാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മോഡല്‍ പാര്‍വതി. വി നായരാണ് നായിക. പ്രദീപ് കുമാര്‍, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വര്‍, ഷാരണി, രഘുനാഥ് സോപാനം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്.
ജൂറി ചെയര്‍മാന്‍ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ,് ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: