കണ്ണൂര്‍: വീടിന്റെ ശുചിമുറിയിലെത്തിയ പെരുമ്പാമ്പ് അഞ്ച് മണിക്കൂറുകളോളം വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. കണ്ണൂരിലെ എരട്ടേങ്ങലില്‍ വീട്ടിനകത്തെ ശുചിമുറിയില്‍ ക്ലോസറ്റിലാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പ് കുടുങ്ങിയത്.
അടുക്കളയിലെ വര്‍ക്ക്ഏരിയയിലാണ് ആദ്യം പാമ്പിനെ കണ്ടത്. അവിടെനിന്ന് പാമ്പ് ശുചിമുറിയിലേക്ക് കയറുകയായിരുന്നു. പുറത്താക്കാനുള്ള ശ്രമം വിഫലമായി. തുടര്‍ന്ന് വനംവകുപ്പ് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. ടീം അംഗമായ ഷിജി അഞ്ച് മണിക്കൂറോളം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് പാമ്പിനെ പിടികൂടിയത്.
ക്ലോസറ്റില്‍ നിന്ന് ഡ്രെയ്ന്‍ പൈപ്പിനുള്ളിലേക്ക് ഇറങ്ങിയ പാമ്പിനെ, മാന്‍ ഹോള്‍ തുറന്ന് അതിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ച് തിരിച്ച് ക്ലോസറ്റിലേക്ക് എത്തിച്ചു. അവിടെനിന്നാണ് പുറത്തെടുത്തത്. പിടികൂടിയ പാമ്പിനെ പിന്നീട് കണ്ണവം വനംമേഖലയിലേക്ക് തുറന്നുവിട്ടു.
ഒരു മാസത്തിനിടെ മാലൂര്‍ പഞ്ചായത്തില്‍ നിന്ന് വനംവകുപ്പ് പത്തോളം പാമ്പുകളെയാണ് പിടികൂടി കണ്ണവം വനമേഖലയിലേക്ക് തുറന്നുവിട്ടത്. പ്രദേശത്തെ വീടുകളിലെ കോഴിക്കൂടുകളില്‍ നിന്ന് പാമ്പുകള്‍ കോഴികളെ പിടികൂടി തിന്നുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: