കോഴിക്കോട്: ചേവരമ്പലത്തെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നാലു പേരില്‍ ഒരാള്‍ സജീവ സിപിഎം പ്രവര്‍ത്തകനും മൂന്നു പേര് മുസ്ലിം ലീഗ് പ്രവര്‍ത്തകരും. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്. രണ്ടാം പ്രതി ഇടത്തില്‍ താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ എന്‍.പി. ഫഹദ് സജീവ സിപിഎം പ്രവര്‍ത്തകനാണ്. ഫെയ്സ്ബുക്കിലെ പ്രൊഫൈലില്‍, ‘നിഷ്പക്ഷനല്ല ഞാന്‍… കട്ടക്കമ്യൂണിസ്റ്റ്’ എന്നും ‘ഇടതുപക്ഷത്തോടൊപ്പം’ എന്നുമുള്ള കുറിപ്പോടു കൂടിയ ഫോട്ടോയാണുള്ളത്.
ഒന്നാം പ്രതി കെ.എ. അജ്നാസ്, കൂട്ടുപ്രതികളായ ലിജാസ്, ശുഹൈബ് എന്നിവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. അജ്നാസിനെയും ഫഹദിനെയും വെള്ളിയാഴ്ചയും മറ്റ് രണ്ടു പേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ലിജാസിനെയും ശുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇന്നലെ രാവിലെ പോലീസ് പിടികൂടിയത്. നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ഈ മാസം 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ടിക്ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ലോഡ്ജ് മുറിയിലെത്തിച്ചു. അജ്നാസ് പീഡിപ്പിച്ച ശേഷം അടുത്ത മുറിയില്‍ കാത്തിരിക്കുകയായിരുന്ന മറ്റ് രണ്ടുപ്രതികള്‍ എത്തി ബലമായി മദ്യവും ലഹരി വസ്തുക്കളും നല്കി ബലാത്സംഗം ചെയ്തു. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ക്രൂരമായ ബലാത്സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബോധം കെട്ട യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് അസി. കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൂട്ട ബലാത്സംഗം നടന്ന ലോഡ്ജ് പോലീസ് അടച്ചുപൂട്ടി. പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും ലോഡ്ജിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോഡ്ജിന്റെ ലഡ്ജര്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയിലാണ് ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസിന് വ്യക്തമായി. ഇന്നലെ അറസ്റ്റിലായ മൂന്നും നാലും പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ലോഡ്ജില്‍ സമാന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കേസില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: