തൃശൂര്‍: പുത്തൂരില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നത് വൈകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയില്‍ പലയിടത്തും വൈദ്യുതി വിതരണം ലഭ്യമല്ല. ബുധനാഴ്ച്ച പുലര്‍ച്ചെ 4.45നാണ് സുവോളജിക്കല്‍ പാര്‍ക്കിനു മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.
തമ്പുരാട്ടിമൂല, മാഞ്ചേരി എന്നിവിടങ്ങളിലായി 20 വൈദ്യുതിത്തൂണുകളാണ് നശിച്ചത്. മരങ്ങള്‍ കടപുഴകിയതാണ് വൈദ്യുതിബന്ധം തകരാന്‍ പ്രധാനകാരണം. എന്നാല്‍ ഇന്ന് വൈകിട്ടോടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മറിഞ്ഞുവീണ മരങ്ങള്‍ അതത് വീട്ടുകാര്‍ തന്നെ വെട്ടിനീക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ നിര്‍ദേശിച്ചതാണ് ഇത്രയും ദിവസം വൈദ്യുതി തടസപ്പെടാന്‍ കാരണം.
സംഭവ ദിവസം അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനോ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവര്‍ വിട്ടുനിന്നതായാണ് ആരോപണം. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സേനാംഗങ്ങള്‍ മടങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്.
ചുഴലിക്കാറ്റില്‍ കെഎസ്ഇബിയുടെ നഷ്ടം 3 ലക്ഷം രൂപയാണ് വിലയിരുത്തിയത്. റോഡരികിലെ പോസ്റ്റുകള്‍ മാത്രമേ സ്വന്തം ചെലവില്‍ പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് ഇവിടെയെത്തിയ കെഎസ്ഇബി അധികൃതര്‍ അറിയിച്ചത്. വീട്ടുകാരുടെ പറമ്പില്‍ കൂടി സ്ഥാപിച്ച വൈദ്യുതക്കാലുകള്‍ സ്വന്തം ചെലവില്‍ പുനഃസ്ഥാപിക്കണമെന്നാണു ചട്ടം. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീട് താമസയോഗ്യമാക്കാന്‍ തന്നെ സാധിക്കാത്തവര്‍ക്ക് ആയിരങ്ങള്‍ ചെലവഴിച്ചു മരങ്ങള്‍ നീക്കുകകൂടി വേണമെന്നത് കനത്ത പ്രഹരമായി.
ആളുകള്‍ മുറിച്ചുമാറ്റി നല്കിയ ചിലയിടങ്ങളില്‍ വൈദ്യുതി ഇന്നലെത്തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രശ്നപരിഹാരത്തിനു നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. രാജന് അറിയിച്ചു. ഇന്നത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാനാവും എന്നാണ് കരുതുന്നത്. ചുഴലിയില്‍ 2.70 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായാണു വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തഹസില്‍ദാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ കളക്ടര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: