കൊല്ലം: ഡിജിറ്റല്‍ പഠനത്തിനൊപ്പം സംവാദാത്മക ക്ലാസുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജി-സ്യൂട്ട് ഓണ്‍ലൈന്‍ പഠനത്തിന്റെ തുടര്‍ പൈലറ്റ് പ്രവര്‍ത്തനം പത്താംക്ലാസുകാര്‍ക്ക് ഇന്നു മുതല്‍ ആരംഭിക്കും.ഓരോ ജില്ലയിലെയും പത്താംക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ജി-സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലാസ് നല്കാന് സജ്ജമായ സ്കൂളുകളുടെ പട്ടിക അതത് ഉപഡയറക്ടര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിരുന്നു.
കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ ഈ സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കൈറ്റിന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ മാത്രമെ ജി-സ്യൂട്ട് ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കാവൂ എന്ന് സര്‍ക്കുലറിലുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശിച്ച സ്കൂളുകളിലെ പത്താംക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ അതത് സ്കൂള്‍ പ്രഥമാധ്യാപകര്‍ പരിശീലനത്തിനായി ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
അധ്യാപക പരിശീലനം അതത് സ്കൂളിലോ കൈറ്റിന്റെ ജില്ലാ ഓഫീസ് കേന്ദ്രങ്ങളിലോ ക്രമീകരിക്കണം. തെരഞ്ഞെടുത്ത സ്കൂളുകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ക്ലാസുകള്‍ നടപ്പാക്കി വരികയാണ്. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ക്ലാസുകള്‍ എടുക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്കു ശേഷം ക്ലാസുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ജി-സ്യൂട്ട്
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓണ്‍ലൈന്‍ പഠനമാണ് ജി-സ്യൂട്ട്. ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള 47ലക്ഷം വിദ്യാര്‍ഥികളെ പൊതുപ്ലാറ്റ്ഫോമിന് കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഇന്ത്യയുടെ സഹായത്തോടെ ഈ പ്ലാറ്റ് ഫോം ഒരുക്കിയത്. കൈറ്റിനാണ് പദ്ധതിയുടെ ചുമതല.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ലോഗിന്‍ സംവിധാനമുണ്ടാകും. പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുന്ന ഡേറ്റയുടെ മാസ്റ്റര്‍ കണ്ട്രോള് കൈറ്റിനാണ്. വീഡിയോ കോണ്‍ഫറന്‍സിങിനുള്ള ഗൂഗിള്‍ മീറ്റ്, ക്ലാസ് റൂം ലേണിങ് മാനേജ്മെന്റ് സംവിധാനം, അസൈന്മെന്റ്, ക്വിസ് എന്നിവ നല്‍കാനും മൂല്യനിര്‍ണയം നടത്താനുമുള്ള സൗകര്യം, ഡേറ്റകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യം തുടങ്ങിയവ ജി സ്യൂട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: