തൃശൂര്‍: മാലിന്യ നീക്കം നിലച്ചതോടെ ചീഞ്ഞ് നാറി നഗരം. പലയിടത്തും മാലിന്യം ജനജീവിതം ദുസഹമാക്കി. വടക്കുന്നാഥന് മൈതാനം, ശക്തന് ബസ് സ്റ്റാന്‍ഡ്, പച്ചക്കറി-മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. മാലിന്യസംസ്കരണം കൃത്യമായി നടക്കാത്തതിനാല്‍ പ്രതിദിനം ടണ്‍ കണക്കിന് മാലിന്യമാണ് നഗരത്തിന്റെ പല പ്രദേശങ്ങളിലായി കുന്നുകൂടുന്നത്.
മാലിന്യം കൊണ്ടുപോകുന്ന കരാറുകാരന് എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്. മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് കാണാന്‍ മേയര്‍ അടക്കമുള്ളവര്‍ ഹൈദരാബാദില്‍ പോയി മാസങ്ങള്‍ പിന്നിട്ടിട്ടും പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളൊന്നുമായിട്ടില്ല. കൊവിഡും നിപ്പയുമടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോഴാണ് കോര്‍പ്പറേഷന്റെ ഇത്തരത്തിലുള്ള നടപടി. കുന്നുകൂടിയ മാലിന്യം ചീഞ്ഞ് നാറുന്നതിനാല്‍ വ്യാപാരികളും ദുരിതത്തിലാണ്.
റോഡിന്റെ വശങ്ങളില് വന്‍തോതില്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി തള്ളിയിട്ടുണ്ട്. റോഡരികില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ കലര്‍ന്ന് രോഗങ്ങള്‍ പടരുന്നതിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നു. മാലിന്യങ്ങള്‍ എത്രയും വേഗം നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുന്നതിനുള്ള മാര്‍ഗങ്ങളൊന്നും നിലവില്‍ തൃശൂര്‍ നഗരസഭയില്‍ ഇല്ല.
നേരത്തെ മാലിന്യ സംസ്കരണത്തിനായി ശക്തന് സ്റ്റാന്‍ഡില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. നഗരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ നഗരസഭയ്ക്ക് നിലവില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല. രാത്രികാലങ്ങളില്‍ നഗരസഭ ഉദ്യോഗസ്ഥരുടെ സ്ക്വാഡുകള്‍ പരിശോധനയ്ക്കായി കറങ്ങുന്നുണ്ടെങ്കിലും പലപ്പോഴും ശക്തമായ നടപടികള്‍ ഒന്നുംതന്നെ ഉണ്ടാകാറില്ല. ഇടയ്ക്കിടെ ഒന്നോ രണ്ടോ വാഹനങ്ങള്‍ പിടികൂടുന്നതിലും, പിഴ ഈടാക്കുന്നതിലും മാത്രമായി നടപടികള്‍ ഒതുങ്ങുകയാണ്.
വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് മാലിന്യങ്ങള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ക്ഷേത്രമൈതാനത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലും തറകളിലും ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മൈതാനത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മൈതാനത്ത് വരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് നോട്ടീസും വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: