മെഡല്‍നേട്ടത്തില്‍ ഇന്ത്യ ചരിത്രം കുറിച്ച ടോക്കിയോ ഒളിമ്പിക്സിനു പിന്നാലെ അതേ വേദിയില്‍ നടന്ന പാരാലിമ്പിക്സിലും വിസ്മയം തീര്‍ത്താണ് ഇന്ത്യ ദിവ്യാംഗരുടെ വിശ്വകായികമേളയില്‍ നിന്നു മടങ്ങുന്നത്. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിയെടുത്തത്. ഒന്‍പത് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയത്. ഒളിമ്പിക്സ്-പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമായിരുന്നു ഇത്തവണത്തേത്. മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനവും നേടി.
ഇത്തവണത്തെ മെഡല്ക്കൊയ്ത്തുള്പ്പെടെ പാരാലിമ്പിക്സില്‍ രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം ഒമ്പതു സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമടക്കം 31 മെഡലായി. ആകെ നേടിയ ഒന്‍പതില്‍ അഞ്ചു സ്വര്‍ണവും മൊത്തം മെഡല്‍ നേട്ടത്തില്‍ പകുതിയിലേറെയും ഇത്തവണയായിരുന്നു. ടോക്കിയോയ്ക്ക് മുന്‍പ് നടന്ന പാരാലിമ്പിക്സുകളില്‍ ഇന്ത്യ പങ്കെടുത്ത 11-ല്‍ ആകെ നേടിയത് 12 മെഡലുകളാണ്.
കൊവിഡ് വ്യാപനത്തിന്റെ സമയത്തുതന്നെയായിരുന്നു ടോക്കിയോയില്‍ ഒളിമ്പിക്സ് വിജയകരമായി നടത്തി ജപ്പാന് ലോകത്തിന് മാതൃകയായത്. അതേവേദിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ പാരാലിമ്പിക്സും വിജയകരമായി നടത്തി ജപ്പാന് വീണ്ടും മാതൃക കാണിച്ചു. 160 രാജ്യങ്ങളും അഭയാര്ത്ഥിതാരങ്ങളുടെ ടീമും റഷ്യന്‍ പാരാലിമ്പിക് കമ്മിറ്റിയും മേളയില്‍ പങ്കെടുത്തു. 22 ഇനങ്ങളിലായി 4403 പേരാണ് മെഡലിനായി ഇറങ്ങിയത്.
ദിവ്യാംഗരാണെങ്കിലും മാനസിക കരുത്തും ഇച്ഛാശക്തിയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ഏതുമേഖലയിലും വിജയിച്ച് രാജ്യത്തിന്റെ അഭിമാനമുയര്ത്താമെന്ന് ഈ വീരനായകര്‍ കാണിച്ചു തന്നു. തങ്ങളുടെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് പൊരുതി തോല്‍പ്പിച്ചാണ് പാരാലിമ്പിക്സ് താരങ്ങള്‍ വിജയ വിസ്മയം തീര്‍ത്തത്. അംഗവൈകല്യം കാരണം ജീവിതത്തോടു പൊരുതാതെ പരാജയം സമ്മതിച്ചവര്‍ക്ക് മനോധൈര്യം പകരുന്നതാണ് പാരാലിമ്പിക്സില്‍ പങ്കെടുത്ത താരങ്ങളുടെ പ്രകടനം.
പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയിലേക്ക് അയച്ചത്. ഒന്‍പത് ഇനങ്ങളിലായി 54 പേര്. ജനിക്കുമ്പോഴോ അതിനു ശേഷമോ സംഭവിച്ച കുറവുകളെ പഴിക്കാതെ, ജീവിതവിജയത്തിനായി നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നിലെ വലിയൊരു ലോകത്തെ തിരിച്ചറിഞ്ഞ് പൊരുതാനിറങ്ങുന്നവര്‍ക്ക് യഥാര്‍ത്ഥമാതൃകയാണ് പാരാലിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയ 4000ലേറെ പേര്. ലോക കായികമാമാങ്കങ്ങളില്‍ പങ്കാളിത്തമാണ് പരമപ്രധാനമായി കണക്കാക്കപ്പെടുന്നത്. ആ അര്‍ത്ഥത്തില്‍ പങ്കെടുത്തവരെല്ലാം വിജയികളാണ്.
തങ്ങള്‍ മാറ്റിനിര്ത്തപ്പെടേണ്ടവരെല്ലെന്നും ഒപ്പംചേര്‍ത്തു സാധാരണ ആരോഗ്യമുള്ളവര്ക്കൊപ്പം തന്നെ മുന്നോട്ടുകൊണ്ടുപോകേണ്ടവരാണെന്നുമുള്ള സന്ദേശമാണ് പാരാലിമ്പിക് താരങ്ങള്‍ നല്‍കുന്നത്. പാരാലിമ്പിക്സില്‍ മെഡല്‍ നേടിയവരെയും പങ്കെടുത്തവരെയുമാണ് യഥാര്‍ഥത്തില്‍ ആദരിക്കേണ്ടത്. ഒളിമ്പിക്സില്‍ പങ്കെടുത്ത് മെഡല്‍ നേടിയവര്‍ക്ക് കോടികള്‍ പാരിതോഷികമായി നല്കുമ്പോള് പാരാലിമ്പിക്സ് താരങ്ങള്‍ക്ക് നല്കുന്ന സമ്മാനങ്ങളും കുറവാണ്. ഈ രീതി മാറണം, അവരെയും വേണ്ട രീതിയില്‍ അംഗീകരിക്കണം, ആദരിക്കണം. അങ്ങനെ ചെയ്താല്‍ മറ്റുള്ള ദിവ്യാംഗരുടെയും ആത്മവിശ്വാസം വര്‍ധിക്കും.
പാരാലിമ്പിക്സില്‍ ഒരു മലയാളിയും മത്സരിക്കാനിറങ്ങിയിരുന്നു എന്നത് കേരളത്തിനും അഭിമാനിക്കാവുന്നതാണ്. മിക്സഡ് ഷൂട്ടിങ് ആര്6 വിഭാഗം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ എസ്എച്ച് 1 വിഭാഗത്തില്‍ മത്സരിച്ച സിദ്ധാര്‍ഥ ബാബുവാണ് മലയാളി. രാജ്യം പാരാലിമ്പിക്സ് വിജയികളെ ആദരിക്കുന്നുണ്ടെങ്കിലും കേരളം അങ്ങനെ ചെയ്യുന്നുണ്ടോ എന്നകാര്യം ഗൗരവമായി ചിന്തിക്കണം. രാജ്യാന്തര തലത്തില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോബി മാത്യു അടക്കമുള്ള മലയാളി പാരാ അത്ലറ്റുകളെ ആദരിക്കാന്‍ കേരളം മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: