അഡ്വ:ടി.പി. സിന്ധുമോള്‍
‘എല്ലാ നവോത്ഥാനവും പിറക്കുന്നത് കരച്ചിലിലൂടെയാണ്. സ്വതന്ത്രമാകാനുള്ള മനുഷ്യചേതനയുടേതാണ് ആ കരച്ചില്……’ ഹെലന് കെല്ലറുടെ അദ്ധ്യാപികയായ ആനി സുള്ളിവറിന്റെ വാക്കുകളാണിത്.
19ാം നൂറ്റാണ്ടിന്റെ ഒടുവിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉണ്ടായ സാംസ്കാരികവും മതപരവുമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ ആധുനിക നവോത്ഥാനത്തിന് ഊടും പാവും നെയ്തത്. 1801 ജനുവരി 1ന് ആരംഭിച്ച് 1900 ഡിസംബര്‍ 31 ന് അവസാനിച്ച 19ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാന്‍, ഉച്ചനീചഭാവങ്ങളെ ഇല്ലാതാക്കാന്‍, സമഭാവനയും സാഹോദര്യവും പുലരുന്ന പുതിയ പുലരികള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യപരിഷ്ക്കര്ത്താക്കള് ഒന്നല്ല, പലരുണ്ടായി എന്നുള്ളതാണ് ചരിത്രസത്യം. നവോത്ഥാന ശില്പികളായ തൈക്കാട് അയ്യാവ് (1813 1909), വാഗ്ഭടാനന്ദന് (18851939), ബ്രഹ്മാനന്ദ ശിവയോഗി (1852 1929), തീര്‍ത്ഥപാദസ്വാമികള്‍ (1871 1920), ഡോ. അയ്യത്താന്‍ ഗോപാലന് (1861 1948), ശ്രീനാരായണ ഗുരു (1856 1928), അയ്യങ്കാളി (1863 1941), കുര്യാക്കോസ് ഏലിയാസ് ചാവറ (1805 1871), ചട്ടമ്പി സ്വാമികള്‍ (1853 1924), കുമാരഗുരു (1878 1939), വി.ടി.ഭട്ടതിരിപ്പാട് (1896 1982), മന്നത്തു പത്മനാഭന് (1878 1970), സി. കൃഷ്ണപിള്ള (1851 1915) തുടങ്ങി മഹാ മനീഷികളുടെ വലിയ നിരതന്നെകേരള നവോത്ഥാന മണ്ഡലങ്ങളില്‍ കൈയൊപ്പു ചാര്‍ത്തി കടന്നുപോയിട്ടുണ്ട്.
ഏതു വ്യവസ്ഥിതിയുടെയും ശുദ്ധീകരണ പ്രക്രിയയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാണ്. സാമൂഹിക പരിഷ്ക്കരണം സത്രീക്കും പുരുഷനും ഒരു പോലെ പ്രാപ്തമാക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഏതു സാമൂഹിക മുന്നേറ്റങ്ങളിലും സ്ത്രീപങ്കാളിത്തം വളരെയധികം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്വന്തം പേരുകള്‍ ചരിത്രതാളുകളില്‍ രേഖപ്പെടുത്തപ്പെട്ട വനിതാ നവോത്ഥാന നായികമാര്‍ കുറവാണെന്നും കാണാന്‍ കഴിയും. ചാന്നാര്‍ലഹള, ഘോഷ, മറക്കുട, ബഹിഷ്ക്കരണം, കായല്‍ സമ്മേളനം, കല്ലുമാല ബഹിഷ്ക്കരണം, വൈക്കം സത്യാഗ്രഹം, പാലിയം സത്യാഗ്രഹം, യാചനായാത്രകള്‍ തുടങ്ങിയ ബഹുജന പങ്കാളിത്ത സമരങ്ങളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുത്തിരുന്നു.
ദാക്ഷായണി വേലായുധന്
ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്ന കെ.പി.വള്ളോന്റെ സഹോദരി ദാക്ഷായണി വേലായുധന് മലയാളി സ്ത്രീകളുടെ എന്നത്തെയും അഭിമാനമാണ്. എറണാകുളം ജില്ലയില്‍ പുലയ സമുദായത്തില്‍ ജനിച്ച ദാക്ഷായണി വേലായുധന് കേരളത്തില്‍ നിന്നുള്ള ആദ്യ ബിരുദധാരിണിയാണ്. ജാതിലിംഗ വേചനത്തിനെതിരെ സമൂഹത്തില്‍ ഇറങ്ങി പോരാടിയ ഇവര്‍ ഡോ.അംബേദ്കര്‍ നയിച്ച ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ഏക ദളിത് പ്രതിനിധികൂടിയായിരുന്നു.
ആനിമസ്ക്രീന്
സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുകയും നിരവധി തവണ ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്ത ‘തിരുവിതാംകൂറിന്റെ ഝാന്‍സീറാണി എന്നുവിളിക്കപ്പെട്ട ആനി മസ്ക്കറിന് 1951ല്‍ ലോകസഭയിലെത്തിയ കേരള എംപിമാരിലെ ഏക വനിത ആയിരുന്നു.
മറക്കുട വലിച്ചെറിഞ്ഞവര്‍
കേരളത്തില്‍ സ്ത്രീകളുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ വി.ടി.യെ സ്പര്‍ശിക്കാതെ കടന്നുപോകാന്‍ സാധിക്കില്ല. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കാന്‍ വി.ടി.തയ്യാറായത് അദ്ദേഹത്തിന്റെ തന്നെ സമുദായത്തില്‍ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന കൊടിയ യാതനകളും പീഢകളും കണ്ടിട്ടു തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ജാതീയമായും സാമുദായികമായും പീഡനം അനുഭവിച്ചത് പിന്നാക്ക വിഭാഗക്കാര്‍ ആയിരുന്നു എങ്കില്‍ വ്യക്തിപരമായി ഏറ്റവും കൂടുതല്‍ പീഡനം അനുഭവിച്ചത് നമ്പൂതിരി സ്ത്രീകള്‍ തന്നെയാണ്. നന്വൂതിരി സമുദായത്തില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് വന്ന സ്ത്രീകളില്‍ പ്രധാനികളായിരുന്നു ദേവകി നരിക്കാട്ടിരി, കാണൂര് ഗൗരി അന്തര്‍ജനം, ആര്യ പള്ളം, ലളിതാംബിക അന്തര്‍ജ്ജനം, പാര്‍വ്വതി നെന്മിനിമംഗലം, പാര്‍വ്വതി നിലയങ്ങോട് പത്തിയിന് പ്രിയദത്ത തുടങ്ങിയവര്‍. 1930കളിലാണ് യോഗക്ഷേമ സഭയുടെ പിന്തുണയില്‍ സ്ത്രീകള്‍ ഘോഷം ഉപേക്ഷിച്ചത്.
അനവധി സാമുദായിക പരിഷ്ക്കരണങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപം പ്രാപിച്ച അന്തര്‍ജന സമാജങ്ങള്‍ക്കു കഴിഞ്ഞു. വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിച്ചതിന്റെ നേരുദാഹരണമാണ് വി.ടിയുടെ ഭാര്യാ സഹോദരി ഉമാ അന്തര്‍ജനവുമായുള്ള എം.ആര്.ബി എന്ന മുല്ലശ്ശേരി രാമന്‍കുട്ടി ഭട്ടതിരിപ്പാടിന്റെ വിവാഹം. ‘ഒരു അനാഥ വിധവ പുനര്വിവാഹത്തിനൊരുമ്പെടുകയാണെങ്കില് ആ ഭാഗ്യം കെട്ടവളെ കൈക്കൊള്ളാന്‍ നിങ്ങളാരെങ്കിലും തയ്യാറുണ്ടോ’ എന്ന ചോദ്യശരം പാര്‍വ്വതി നെന്മിനിമംഗലത്തിന്റേതായിരുന്നു. ഒരു യോഗക്ഷേമ ഉപസഭാ വാര്‍ഷികത്തില്‍ അവര്‍ തൊടുത്തുവിട്ട ആ ചോദ്യത്തിന്റെ ഉത്തരമാണ് പിന്നീട് സമുദായത്തില്‍ നവോത്ഥാനം സൃഷ്ടിച്ച വിധവാ പുനര്‍വിവാഹം. സ്ത്രീ സ്വാശ്രയത്വം സാധ്യമാകാന്‍ വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്യവും അനിവാര്യഘടകമാണെന്നു മനസ്സിലാക്കി പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി പരിശ്രമിച്ചു. അന്തര്‍ജന സമാജത്തിന്റെ യാചനായാത്രകള്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ ഒരദ്ധ്യായമായിരുന്നു.
പാലിയം സത്യാഗ്രഹത്തിന് സ്ത്രീകളെ ഹാജരാക്കാന്‍ യാചനായാത്രകള്‍ കൊണ്ടു സാധിച്ചു എന്നുള്ളതും മറ്റൊരു സവിശേഷതയായിരുന്നു.
കെ. ചിന്നമ്മ
ചട്ടമ്പി സ്വാമികളുടെ പ്രഥമശിഷ്യനായ നീലകണ്ഠ തീര്‍ത്ഥപാദര്‍ സനാതന ധര്‍മ്മതത്വങ്ങളുടെ പ്രചരണത്തിനായി അദ്വൈതസഭ സ്ഥാപിച്ചു. തീര്‍ത്ഥപാദ സ്വാമികളുടെ ശിഷ്യയായിരുന്ന കെ. ചിന്നമ്മ സാമൂഹ്യസേവന രംഗത്ത് തനതായ മുദ്രപതിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തകയായ ചിന്നമ്മ ‘അഗതിമാതാ’ എന്ന പേരില്‍ അറിയപ്പെടുന്നു. വനിതാ വിദ്യാഭ്യാസരംഗം സജീവമാക്കുന്നതിനൊപ്പം സാമുദായിക പരിഷ്ക്കരണങ്ങളിലും ഇടപെട്ടു പ്രവര്‍ത്തിച്ചു. പൊതുവിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് ഇന്സ്പെക്ട്രസായി ജോലിചെയ്തിരുന്ന ചിന്നമ്മ അനാഥരായ പെണ്‍കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുള്ള തൊഴില്‍ പരിശീലനം എന്നിവ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരത്ത് മഹിളാമന്ദിരം സ്ഥാപിച്ചു.
ഡോ: ജാനകിഅമ്മാള്‍
ഡോ. അയ്യത്താന്‍ ജാനകി അമ്മാള്‍, സുഗുണവര്‍ധിനി പ്രസ്ഥാനത്തിന്റെ അമരക്കാരിയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സാമൂഹിക പ്രവര്‍ത്തക ആയിരരുന്നു അവര്‍. സൗജന്യമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിക്കൊണ്ട് ആലംബഹീനര്‍ക്കും സമൂഹത്തിലെ താഴേത്തട്ടിലുള്ള സ്ത്രീസമൂഹത്തിനും എല്ലാക്കാലത്തും ആശ്രയമായിരുന്നു അവരുടെ ജീവിതം.
അയ്യങ്കാളിയുടെ പഞ്ചമി
ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തെറ്റായി വ്യാഖ്യാനിച്ച് അതിന്റെ നെഗളിപ്പു സമ്മാനിച്ച അഹന്തയുടെ ഫലമായി സവര്‍ണ്ണ തമ്പ്രാക്കന്മാര് അയിത്തക്കാരിയായ ചിരുതയുടെ മാറിടത്തില്‍, തല്ലിപ്പൊട്ടിച്ച തേങ്ങാച്ചിരട്ടയെടുത്ത് പിളര്‍ത്തി കത്രികപോലെ പിടിപ്പിച്ചപ്പോള്‍ വേദനകൊണ്ടു പുളഞ്ഞ് അവള് അലറിക്കരഞ്ഞതും അനുഭവിച്ച വേദനയും അപമാനവും വിവരിച്ചതും കേട്ട് മനസ്സുലഞ്ഞ അയ്യങ്കാളി നയിച്ച വില്ലുവണ്ടിയാത്ര സമാനതകളില്ലാത്ത സാമൂഹ്യപരിവര്‍ത്തനത്തിന്റെ തുടക്കമാവുകയായിരുന്നു. 1910ലെ ചരിത്രപ്രധാനമായ ഊരൂട്ടമ്പലം സ്കൂള്‍ സംഭവം നമുക്കു മറക്കാന്‍ സാധിക്കുമോ? പൂജാരി അയ്യന് എന്ന അയിത്ത ജാതിക്കാരന്റെ മകളായ പഞ്ചമിയുടെ കൈപിടിച്ച് അയ്യങ്കാളി ഊരൂട്ടമ്പലം സ്കൂളിന്റെ മുറ്റവും കടന്ന് അവളെ സവര്‍ണ്ണജാതിക്കാരുടെ മക്കള്‍ പഠിക്കുന്ന ക്ലാസ്സ് മുറിയില്‍ അവര്‍ക്കൊപ്പം കൊണ്ടിരുത്തി. ‘നീ അവിടിരിക്ക് ഞാന്‍ പൊറത്തു കാണും’ എന്ന് അയ്യങ്കാളി പറഞ്ഞപ്പോള്‍ ആ വാക്കുകളെ അതേപടി അനുസരിച്ച് പഞ്ചമി എന്തും നേരിടാനുള്ള ധൈര്യം സംഭരിച്ച് അവിടെ ഇരിക്കുകയും കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ക്ലാസ്സ് മുറിയിലേക്ക് ഓടിക്കയറി വന്ന ഒരു സവര്ണ്ണന് അവളെ തൂക്കിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോഴും അവള് നേരിട്ട അപമാനവും അനുഭവിച്ച വേദനയും മറ്റൊരു നവോത്ഥാനത്തിനു തുടക്കം കുറിക്കലായിരുന്നു.
രത്നാഭായിയുടെ സര്‍ക്കസ് കൂടാരം
അയ്യങ്കാളി നേതൃത്വം നല്കിയ കല്ലുമാല വിപ്ലവത്തിന് അരങ്ങായത് ഒരു വനിതയുടെ സര്‍ക്കസ് കൂടാരമായിരുന്നു. 1915ല്‍ കൊല്ലത്ത് പീരങ്കി മൈതാനത്ത് തലശ്ശേരിക്കാരി രത്നാഭായിയുടെ സര്‍ക്കസ് കൂടാരത്തില്‍ വെച്ചാണ് അയ്യങ്കാളി കല്ലുമാലകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തത്. രക്തരൂക്ഷിതമായ പെരിനാട് കലാപത്തെത്തുടര്‍ന്ന് വീടുപേക്ഷിക്കേണ്ടിവന്ന സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. ചാന്നാര്‍സ്ത്രീകളുടെ മേല്‍മുണ്ട് ബഹിഷ്കരണത്തിന് പിന്നാലെയാണ് കൊല്ലത്ത് കല്ലുമാല അറത്തെറിഞ്ഞ് സ്ത്രീസമൂഹം പുതിയ വിപ്ലവം സൃഷ്ടിച്ചത്.
കൊല്ലത്തമ്മ
ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാസ്വാമിയുടെ 51 ശിഷ്യഗണങ്ങളില്‍ കൊല്ലത്തമ്മയുടെ പ്രാധാന്യം വളരെ വിശേഷപ്പെട്ടതായിരുന്നു. ആ കാലഘട്ടത്തില്‍ സ്ത്രീകള്‍ പൊതുവേ പരിശീലിക്കപ്പെടാത്ത യോഗാഭ്യാസങ്ങള്‍ ഗുരുവില്‍ നിന്നും സ്വായത്തമാക്കുകയും സംസ്കാരം, സദാചാരം എന്നിവ പ്രചരിപ്പിക്കുന്നതിനും സ്ത്രീ വിദ്യാഭ്യാസത്തിനു പ്രചാരം നല്കുന്നതിനുമായി യോഗിനി ഭാവത്തില്‍ അവര്‍ പ്രവര്‍ത്തിച്ചു.
ജാനമ്മ അമ്മച്ചി
പൊയ്കയില്‍ കുമാരഗുരുദേവന്‍ സ്ഥാപിച്ച ജഞഉട അഥവാ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന ആത്മീയ സംഘടനയുടെ നായകത്വം ഏതാണ്ട് 46 വര്‍ഷക്കാലം ഒരു സ്ത്രീ വഹിച്ചു എന്നത് അത്ഭുതാവഹമാണ്. ഗുരുദേവന്റെ സഹധര്‍മ്മിണി ആയ ജാനമ്മ, ഗുരുവിന്റെ ആശയങ്ങളും ചിന്താപദ്ധതികളും സാമൂഹിക ജീവിതത്തില്‍ അവതരിപ്പിക്കുകയും ശക്തമായ ഉള്‍ക്കാഴ്ചയോടെ സാമൂഹിക ഇടപെടലുകളില്‍ ഉണ്ടാവുകയും ചെയ്തു.
കുമാര ഗുരുദേവന്റെ കാലശേഷം പിആര്‍ഡിഎസ് ഒരു െ്രെകസ്തവ സ്ഥാപനമാണെന്ന സ്ഥാപിച്ചെടുക്കാന്‍ ചിലര്‍ കോടതി വരെ എത്തി. ‘വാകത്താനത്തുവെച്ച് വലിയ സമ്മേളനം നടത്തി നൂറുകണക്കിന് ബൈബിള്‍ കൂട്ടിയിട്ടു കത്തിച്ച് ക്രിസ്തുമതത്തിന്റെ ആധികാരികതയെ തള്ളിക്കളഞ്ഞ ഗുരുദേവന്റെ പിആര്‍ഡിഎസ് എങ്ങനെ െ്രെകസ്തവ സ്ഥാപനമാകും’ എന്ന ജാനമ്മയുടെ ചോദ്യം കോടതി മുഖവിലയ്ക്കെടുത്തു. നിയമപോരാട്ടത്തിലൂടെ ജാനമ്മ പിആര്‍ഡിഎസ് എന്ന പ്രസ്ഥാനത്തെ തിരികെ പിടിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടുപോയി എന്നതാണ് പ്രത്യേകത. വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്ക്കരണത്തിനും ഏറെ സംഭാവനകള്‍ ആ പ്രസ്ഥാനത്തിലൂടെ അവര്‍ക്ക് നല്കാന് കഴിഞ്ഞു.
മന്നത്തിന്റെ അമ്മ
അന്ധവിശ്വാസ ജടിലമായിരുന്ന സാമുദായിക വ്യവസ്ഥകള്‍ക്കെതിരെയും, നായര്‍സമുദായത്തിന്റെ ആര്‍ഭാട ആചാരങ്ങളായ നാലുകെട്ടിനെതിരെയും (താലികെട്ട്, കുതിരക്കെട്ട്, വെടിക്കെട്ട് , കേസ്കെട്ട്) പടപൊരുതുക എന്നത് ഈശ്വരീയ ദൗത്യമായി ഭാരതകേസരി മന്നത്തു പ്ദമനാഭന്‍ കരുതിയെങ്കില്‍ അദ്ദേഹത്തെ അതിനു പ്രാപ്തനാക്കുന്നതില് സ്വമാതാവായ പാര്‍വ്വതി അമ്മയുടെ ധീരമായ നിലപാടുകള്‍ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
ജാതി വ്യവസ്ഥയുടേയും, അയിത്തത്തിന്റേയും ഭീകരത ഒരു പക്ഷേ നമ്മുടെ ഇന്നുകളെ സ്പര്‍ശിക്കാന്‍ അവശേഷിക്കുന്നുണ്ടാവില്ല എന്നുള്ള ബോദ്ധ്യത്തില്‍ നിന്നും കുറച്ചുകാലം പിന്നോട്ടു നടക്കാന്‍ നാം തയ്യാറാകുമ്പോഴാണ് മന്നത്തിന്റെ അമ്മയുടെ സാമൂഹിക ഇടപെടലിന്റെ ഉയര്‍ന്ന ചിന്താതലം നമുക്കു മനസ്സിലാവുകയുള്ളൂ. പുലയനടക്കം വിവിധജാതികളില്പെട്ടവരെ വീട്ടിനുള്ളില്‍ സ്വീകരിച്ച് ഒരേ പന്തിയിലിരുത്തി ഭക്ഷണം വിളമ്പിയത് പാര്‍വ്വതിയമ്മ ആയിരുന്നു. ശേഷമോ എച്ചിലില എടുക്കാന്‍ വേലക്കാരി പോലും തയ്യാറായില്ല. എന്നാല്‍ മന്നത്തിന്റെ അമ്മ സ്വയം മുന്നോട്ടു വന്ന് ആ കൃത്യം നിര്‍വ്വഹിച്ചു. മന്നം പറയുന്നു ‘ഒരു പക്ഷേ എന്റെ മാതാവ് അന്നങ്ങനെ പെരുമാറിയിരുന്നില്ല എങ്കില്‍ ഞാനെന്ന സാമൂഹിക പ്രവര്ത്തകന് അവിടെ അവസാനിക്കുമായിരുന്നു’ എന്നാണ്.
1800 കളില്‍ കേരള നവോത്ഥാന ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ടï പല സ്ത്രീസാന്നിദ്ധ്യങ്ങളും തമസ്ക്കരിക്കപ്പെട്ടിട്ടുണ്ടാകും എന്നാണ് തോന്നുന്നത്. എന്നാല്‍ വിചിത്രമായത് ചേര്‍ത്തലക്കാരിയായ നങ്ങേലി, ആധുനിക നവോത്ഥാനത്തിന്റെ താളുകളില്‍ ഇഴുകിചേര്‍ന്നു എന്നുള്ളതാണ്.
നങ്ങേലി സംഭവം നവോത്ഥാന മേഖലയില്‍ ഉണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ കാണപ്പെടുന്നില്ല എന്നതാണ് ചരിത്രസത്യം. യൂറോപ്യന്‍ സമുദായത്തിന്റെ കൂടെ ജീവിച്ച ഒരു സ്വദേശി സ്ത്രീ ബ്ലൗസ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിനാല്‍ ആറ്റിങ്ങല്‍ മഹാറാണി ആ സ്ത്രീയുടെ മുലഛേദിക്കാന് ഉത്തരവിറക്കി എന്ന്
‘A voyage go the Etsa Indies’ 1750എന്ന് ജോണ്ഹെന്ട്രി ഗ്രേസിന്റെ കൊച്ചി തിരുവിതാംകൂര്‍ യാത്രാരേഖകളില്‍ കാണപ്പെടുന്നു. മറ്റൊന്ന് എഡ്ഗാര്‍ തേസ്റ്റണ് 1909 ല്‍ എഴുതിയ ഠൃമ്മിരീൃല ഠൃശയല െമിറ ഇെേമല െഢീഹ 1 എന്ന രേഖപ്രകാരം പൂഞ്ഞാറിലെ കാട്ടിലുള്ള മല അരയ സമൂദായത്തിലെ അരയനോട് രാജാവ് തലക്കരം ചോദിച്ചു എന്നും അതിനു മറുപടിയായി അരയന് തന്റെ തല അരിഞ്ഞും അരയത്തി തന്റെ മുലയരിഞ്ഞും പ്രതിഷേധിച്ചുവെന്നും അതേത്തുടര്‍ന്ന് രാജാവ് കരം നിര്‍ത്തിയെന്നുമാണ് ഒരു കഥ. കെട്ടുകഥകളാകുന്ന നങ്ങേലിമാരെ ഈ നവോത്ഥാന കാലഘട്ടത്തിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നത് തന്നെ അത്യന്തം നിര്‍ഭാഗ്യകരമായ സംഗതി എന്നല്ലാതെ എന്തുപറയാന്‍.
ആധുനിക നവോത്ഥാന കാലഘട്ടത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ സ്വയം ആര്‍ജിതമായ കരുത്തുമായി സ്വത്വം തിരയാനും, ജാതി സമ്പ്രദായത്തിലെ പുരുഷ മേധാവിത്വങ്ങളെ കെട്ടുകെട്ടിക്കാനും ഒപ്പം ലൈംഗികതയും സ്വശരീരവും സ്വന്തം ഇഷ്ടത്തിനു വിധേയമായി നിലനിര്‍ത്തുന്നതിനും പൊതു ഇടങ്ങള്‍ തങ്ങള്‍ക്കു വേണ്ടികൂടിയാണെന്ന് സ്ഥാപിച്ചെടുക്കുന്നതിനും സാധ്യമായ മാര്‍ഗ്ഗങ്ങളില്‍കൂടി ബഹുദൂരം സഞ്ചരിച്ചു എന്നുള്ളതാണ് ചരിത്രസത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: