തൃശ്ശൂര്‍: വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാത്തതു മൂലം സംസ്ഥാനത്ത് ഐടിഐ പ്രവേശനം താളംതെറ്റി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വീട്ടിലിരുന്നു തന്നെ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തിരവും അപേക്ഷ സമര്‍പ്പിക്കാം എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. ആഗസ്ത് 26 മുതല്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇന്നലെ വരെ വെബ്സൈറ്റ് പൂര്ണസജ്ജമായിരുന്നില്ല. പലവട്ടം അക്ഷയ കേന്ദ്രങ്ങളിലെത്തിയനൂറുകണക്കിന് വിദ്യാര്‍ഥികള്‍ നിരാശരായി മടങ്ങി.
www.itiadmissions.kerala.gov.in എന്ന ‘ജാലകം’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. പോര്‍ട്ടലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐടിഐകളിലായി എസ്എസ്എല്‍സി പരീക്ഷ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും തെരഞ്ഞെടുക്കാവുന്ന 76 ഏകവത്സര/ദ്വിവത്സര കോഴ്സുകളാണ് നിലവിലുള്ളത്.
അപേക്ഷകര്‍ 14 വയസ് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങള്‍ക്ക് പുറമെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍, തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക സീറ്റുകള്‍ തെരഞ്ഞെടുത്ത ഐടിഐകളില്‍ നിലവിലുണ്ട്. 50 ശതമാനം പരിശീലനാര്‍ഥികള്‍ക്ക് രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം സ്റ്റൈപ്പന്‍ഡും നല്‍കും.
വെബ്സൈറ്റ് തകരാര്‍ മൂലം സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നാല്‍ പ്രവേശനം നഷ്ടമാകുമോയെന്ന ആശങ്കയാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും. സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാനുള്ള നീക്കമാണ് വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമാകാത്തതിന് പിന്നിലെന്നും ആക്ഷേപമുയരുന്നുണ്ട്.
ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ച് പ്രവേശന നടപടികള്‍ ആരംഭിക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു. അതേസമയം, സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും എത്രയും വേഗം പ്രവേശനം ആരംഭിക്കുമെന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: