അടിമകളുടെ ദയനീയസ്വരം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടോ? എന്നുമാത്രമല്ല, അതില്‍ വല്ലാതെ അഭിമാനിക്കുകയും ചെയ്യുന്നവരുണ്ടുതാനും. വലിയവായില്‍ ജനാധിപത്യം പറയുമ്പോഴും യജമാന മന:സ്ഥിതിയുടെ തീപ്പാറ്റകള് മനസ്സില്‍ തലങ്ങും വിലങ്ങും പായുന്നുണ്ടാവും. കാര്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാലാം വാര്‍ഷികമൊക്കെ നാം ആഘോഷിച്ചു.
വര്‍ണാഭമായ ചടങ്ങുകളും പ്രഘോഷണങ്ങളും മറ്റും സമൃദ്ധമായി ഉണ്ടായി. അതിന്റെ ലഹരിയിപ്പോഴും വിട്ടൊഴിഞ്ഞിട്ടുമില്ല. ബ്രിട്ടീഷുകാരന്റെ നുകം വലിച്ചെറിഞ്ഞതിന്റെ ആവേശമായി പലതും ചെയ്തു. സ്വാതന്ത്ര്യത്തിനായി ജീവന് ബലിയര്‍പ്പിച്ചവരുടെ പേരില്‍ പ്രതിജ്ഞയെടുത്തു. എങ്കിലും മാനസികമായി അടിമത്തം നാം തുടരുകയല്ലേയെന്ന സംശയം പലപ്പോഴും ഉയരുന്നുണ്ട്. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്; നമ്മുടെ കണ്മുന്നില് തന്നെ. ഇച്ഛാശക്തിയുള്ള ഒരു ഭരണസംവിധാനത്തിന് മാത്രമേ അതു പൂര്‍ണമായും എടുത്തു മാറ്റാനാവൂ. അങ്ങനെ മാറ്റിയതിന്റെ നേര്‍ചിത്രങ്ങള്‍ എത്രയെത്രയുണ്ട്.
ഏതായാലും നമ്പര്‍ വണ്‍ ആയ നമ്മുടെ ദൈവരാജ്യത്തു നിന്ന് അത്തരം പ്രതീക്ഷാഭരിതമായ ഒരു സംഭവഗതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അത് തികച്ചും ശുഭോദര്‍ക്കമായിരിക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും ആരെയും വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണല്ലോ’ സാര്‍ ‘ എന്നത്. ഇതിന്റെ ശരിയായ രൂപം ആര്‍ക്കും അത്ര നിശ്ചയമില്ല. അല്ലെങ്കിലും ആരാണിതിന്റെയൊക്കെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ?
ഒരിക്കല്‍ ഐ എ എസ്സിന്റെ അവസാനത്തെ അഭിമുഖവേളയില്‍ കുസൃതിച്ചോദ്യത്തിന് ഉത്തരം പറയവെ,’ടഹമ്ല ക ഞലാമശി’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘സാര്‍’ എന്നൊരു ഉദ്യോഗാര്‍ഥി അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞത്രെ. അത് കുസൃതിയല്ലെന്നും വാസ്തവമാണെന്നും ബോര്‍ഡിലുള്ള വ്യക്തി വിശദീകരിച്ചു. അതു തുടരുകയാണെന്നും നിലവിലുള്ള ഭരണകൂടങ്ങള്‍ മനസ്സിരുത്തി പ്രവര്‍ത്തിച്ചാല്‍ ഇത്തരം ദുഷ്പ്രവണതകള്‍ ഒഴിവാക്കി സ്വന്തം അഭിമാനം ഉയര്‍ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഭരണസംവിധാനത്തിന്റെ ആണിക്കല്ലായി പ്രവര്‍ത്തിക്കേണ്ട നിങ്ങളെപ്പോലുള്ളവര്‍ വേണം അതിനു മുന്‍കൈ എടുക്കാനെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി. എന്നിട്ടും എത്രയോ വെള്ളം ഗംഗയിലൂടെ ഒഴുകിപ്പോയി. എത്രയോ സ്വാതന്ത്ര്യ – ഗണതന്ത്ര വേളകളില്‍ മൂവര്‍ണക്കൊടി ചെങ്കോട്ടയില്‍ പാറിപ്പറന്നു. കാര്യങ്ങള്‍ അങ്ങനെ തന്നെ തുടരുന്നു. പക്ഷേ, ശുഭകരമായ ഒട്ടേറെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്.
ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് അര്‍ത്ഥപൂര്‍ണമായ ഒരു തീരുമാനത്തിലൂടെ തികഞ്ഞ അഭിമാന ബോധമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ ചരിത്രപ്രാധാന്യമുള്ള തീരുമാനവുമായി എത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തിലെ ഓഫീസില്‍ ഇനി മുതല്‍ അപേക്ഷയില്‍ സാര്‍ പ്രയോഗം വേണ്ട.ഒപ്പം അപേക്ഷിക്കുന്നു, വിനീതമായി എന്നിത്യാദി പ്രയോഗങ്ങളും വേണ്ടെന്നു വെച്ചിരിക്കുന്നു. പകരം അവകാശപ്പെടുന്നു , താല്പര്യപ്പെടുന്നു എന്നിങ്ങനെ ഉപയോഗിച്ചാല്‍ മതി. ഇങ്ങനെ വെക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും അപേക്ഷയില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മുതിര്‍ന്ന അധികാരിക്ക് മുമ്പില്‍ പരാതിപ്പെടാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എല്ലാ കക്ഷികളും ഉള്‍പ്പെട്ട ഭരണസമിതി ഇത്തരമൊരു ചരിത്രപ്രസിദ്ധമായ തീരുമാനമെടുത്തതിലൂടെ ബ്രിട്ടീഷുകാര്‍ നമ്മുടെ അഭിമാനത്തിന്റെ മുഖത്തേക്കെറിഞ്ഞ ചെളിയാണ് കഴുകിക്കളയുന്നത്. ഇതിനെ തുടര്‍ന്ന് മറ്റുചില പഞ്ചായത്തുകളും ഈ തീരുമാനം പിന്തുടരുന്നുണ്ട്.’ ഇന്നും അടിമയായ ഞാനി ‘ ല്‍ നിന്ന് എന്നും അഭിമാനിയായ ഞാനിലേക്കെത്താന്‍ ഇനിയെത്ര ദൂരം നാം യാത്ര ചെയ്യേണ്ടിവരുമെന്ന വലിയ ചോദ്യം വാ പിളര്‍ത്തി നമുക്കു മുമ്പില്‍ നില്‍പ്പുണ്ട്. നിശ്ചയമായും അതിന് മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം. കൊച്ചു കൊച്ചു കാര്യങ്ങളാണല്ലോ മഹാ സംഭവഗതികളില്‍ എത്തി നിര്‍ണായക മാറ്റങ്ങളുണ്ടാക്കിയത്.
അത്തരത്തിലുള്ള ഒരു മാറ്റത്തിലേക്ക് വലതുകാല്‍ വച്ചു കയറിയിരിക്കുന്ന പ്രാദേശിക ഭരണ സംവിധാനത്തിന് ചുരുങ്ങിയത് ഒരു ജയ് പറയണ്ടേ? അതല്ലേ ഒരു മര്യാദ. മര്യാദകളാെക്കെ പടികടന്നുപോവുകയാണെന്ന് അറിയാത്തതല്ല. എന്നാലും എവിടെയെങ്കിലും നക്ഷത്ര വലിപ്പത്തില്‍ അതുണ്ടാകാതിരിക്കില്ലല്ലോ. കൂരിരുട്ടിലും നക്ഷത്രത്തിനാവുന്നത് അതു ചെയ്യാതിരിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: