നാദാപുരം: കോഴിക്കോട്ട് നിപ വീണ്ടും സ്ഥിരീകരിച്ചതോടെ പേടിപ്പെടുത്തുന്ന ഓര്‍മ്മകളുമായി നാദാപുരം ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍ ഗ്രാമം. പേരാമ്പ്രക്ക് പുറത്ത് നിപ മരണം ആദ്യം റിപ്പോര്‍ട്ട് ചെയതത് ഉമ്മത്തൂരിലായിരുന്നു. പേരാമ്പ്രയില്‍ നിന്ന് ഏറെ അകലെയുള്ള നാദാപുരം പാറക്കടവ് സ്വദേശിയില്‍ നിപ്പ വൈറസ് കണ്ടെത്തിയത് പ്രദേശവാസികളില്‍ ഭീതി പരത്തിയിരുന്നു. പാറക്കടവിലെ ലോറി ഡ്രൈവറായ തട്ടാന്റവിട അശോകന് മരണത്തിന് കീഴടങ്ങിയതിന് ശേഷമാണ് നിപ്പയുടെ ഗൗരവം ഭയാനകമായത്. പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ മാത്രം ഉണ്ടായ രോഗം ജില്ല മുഴുവനും ബാധിക്കുന്നതിന്റെ സൂചനയായിരുന്നു അശോകന്റെ മരണം. ജില്ല മുഴുവനും ഭീതിപടര്‍ന്നു. ശ്മശാന നടത്തിപ്പുകാര്‍ വരെ ഓടി ഒളിച്ചു.
രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അശോകന്റെ മരണം. സംസ്ക്കാരത്തിന് വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നു. സംസ്കാരത്തിന് പ്രത്യേക പ്രോട്ടോകോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. തല മുതല്‍ പാദം വരെ മറയുന്ന പിപിഇ കിറ്റ് വേണമെന്നാണ് നിയമമെങ്കിലും അത് ഉണ്ടായില്ല. മുന്‍കരുതലില്ലാതെ സംസ്ക്കരിച്ചത് വിവാദമായിരുന്നു.
സിസ്റ്റര്‍ ലിനിയെ പോലെ സേവനപാതയിലാണ് അശോകനെയും നിപ്പ പിടികൂടിയത്. അശോകന്, പിതാവ് ചാത്തുവിനെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതായിരുന്നു. അതേ ദിവസമാണ് പേരാമ്പ്ര സൂപ്പിക്കടയിലെ മൂസ പനി ബാധിച്ച മകനുമായി മെഡിക്കല്‍ കോളേജില്‍ എത്തിയത്.
പനിയുടെ കാഠിന്യത്തില്‍ സ്വബോധമില്ലാത്ത മകനെ സ്കാനിംഗ് റൂമിലേക്ക് കൊണ്ടു പോകാനും മറ്റുമായി കഷ്ടപ്പെടുന്ന മൂസയെ സഹായിച്ചത് അശോകനായിരുന്നു. പിന്നീട് അശോകന് പനിയുടെ ലക്ഷണം തുടങ്ങി, ഗുരുതരമായി മരിച്ചു. അശോകന് മെഡിക്കല്‍ കോളേജിലെ സ്കാനിംഗ് റൂമില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തയിരുന്നു. ആതുര സേവനത്തില്‍ സ്വജീവിതം ത്യജിച്ച അശോകന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: