പ്രമീളാദേവി
ഒരു മണ്ണപ്പത്തിന്റെ-
യുരുള വിഴുങ്ങുമ്പോള്‍
ഉലകാകെയും കുഞ്ഞു-
വായ്ക്കുള്ളില്‍ വെളിപ്പാടും-
വരെ നീ വലുതാകും,
വിശ്വരൂപിയായ് മാറും.
ചെറുതാമൊരു വട-
പത്രത്തില്‍ കുഞ്ഞിക്കാല്‍കള്‍
നുണയും കുസൃതിത്ത-
മായല്ലോ ചെറുതാകും.
പ്രളയാവേഗത്തിലും
പുഞ്ചിരിയായ് നീ പൂക്കും.
വികൃതിത്തരത്തിന്നു
മരുന്നായ് കൂച്ചിക്കെട്ടി
ഉരലില്‍ പൂട്ടുന്നേരം
പേടിച്ചു കരയും നീ.
വിജയിച്ചെന്നേ തോന്നു-
മമ്മയ്ക്ക്, കരച്ചിലിന്
മറവില്‍ കുറുമ്പിന്റെ
വായ്ത്തല മിനുക്കും നീ.
ഉരലും വലിച്ചെങ്ങു-
മിഴയും, മരങ്ങളെ
ചുവടേ പിഴുതീടും,
ആയവ മനുഷ്യരായ്
ഉയിരാര്ന്നിടും നേരം
നീ പൊട്ടിച്ചിരിച്ചീടും.
പാല്ക്കടലലമേലേ
പള്ളി കൊണ്ടെന്നാകിലും
പാത്തുപാഞ്ഞെത്തും കൊതി
പാല്, വെണ്ണ, തൈരും കക്കാന്‍.
കാല്‍ച്ചോട്ടില്‍ മഥുരയാം
സാമ്രാജ്യമണഞ്ഞാലും
നോട്ടമില്ലതില് നിന-
ക്കല്പ്പവും, വിരക്തന് നീ!
കാലിക്കോല് ചിലനേരം,
ചിലപ്പോള്‍ ചക്രായുധം
പാടത്തു പടനിലം
തന്നിലും കാണാം നിന്നെ.
ഓടപ്പൂങ്കഴലിന്റെ
മധുരം തൂവുന്നതും
നേരിടുമധര്മ്മത്തില്
നാമ്പുനുള്ളുവതും നീ.
കൊല്ലുവാനോതും ബന്ധു-
ജനത്തെപ്പോരില്; മഴ-
കൊള്ളാതെ കാക്കും പേടി-
ച്ചരണ ഗോപാലരെ!
അറിവീലല്ലോ നിന്നെ;
ഞങ്ങളീ വെറും നഗ്ന-
മിഴിയാല്‍ മാത്രം സര്‍വ്വം
കാണുവാന്‍ ശ്രമിക്കുന്നോര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: